ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെ ന്ന നേട്ടം നിലനിര്‍ത്തിയ ഇന്ത്യ സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ആദ്യ തോല്‍വി വഴങ്ങിയതോടെ പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്കും വീണു.

ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കണ്ണിലെ കരടായിരുന്ന ന്യൂസിലന്‍ഡിനെ കിംഗ് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ലോകകപ്പില്‍ സെമി ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍ വിജയ സിക്സര്‍ നേടാനുളള ശ്രമത്തില്‍ പുറത്തായത് നിരാശയായി. സെഞ്ചുറി തികച്ചിരുന്നെങ്കില്‍ കോലിക്ക് ഏകദിന സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.

കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. വിജയത്തിലേക്ക് 82 റണ്‍സ് വേണ്ടപ്പോള്‍ സൂര്യകുമാര്‍ യാദവിനെ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ(39*) കൂട്ടുപിടിച്ച് കോലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു മടങ്ങി. ഷമിയെ കൂട്ടുപിടിച്ച് ജഡേജ വിജയം പൂര്‍ത്തിയാക്കി. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 273ന് ഓള്‍ ഔട്ട്, ഇന്ത്യ 48 ഓവറില്‍ 274-6.