Ambedkar Colony Koruthode

കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗ ഗ്രാമമായ കൊമ്പുകുത്തിയിൽ അം ബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ കെ. ജി. ജോളിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, വാർഡ് മെമ്പർ ലതാ സുശീലൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി കോളനിയിൽ 13 കുടുംബങ്ങൾക്ക് പുതുതായി വീടുകൾ നിർമ്മിച്ചു നൽകി. 5 വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ നടപ്പിലാക്കി. കോളനിക്കുള്ളിൽ പ്രത്യേക കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് എല്ലാ വീടുകളിലും പൈപ്പ് ലൈൻ മുഖേന കുടിവെള്ളം എത്തിച്ചു. കോളനികളിലെ നടപ്പാതകൾ കോൺക്രീറ്റ് ചെയ്തു. 4 പുല്ലുവെട്ടി യന്ത്രങ്ങൾ, 2 മെഷീൻ വാൾ ,1 റബർ റോളർ മെഷീൻ, 2 വെൽഡിങ് മെഷീൻ,3 തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നീ തൊഴിൽ ഉപകരണങ്ങളും നൽകി. ഒരു കുടുംബത്തിന് കോഴിക്കൂട് നിർമ്മിച്ചു നൽകി മുട്ടക്കോഴികളെ നൽകുകയും,6 കുടുംബങ്ങൾക്ക് റബ്ബർ കൃഷിക്ക് ആവശ്യമായ റബർ തൈകൾ നൽകുകയും ചെയ്തു. ഇപ്രകാരം അടിസ്ഥാന സൗകര്യ വികസനത്തിനും വ്യക്തിഗതമായി ഉപജീവനോപാധികളും, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തികളും സംയോജിപ്പിച്ച് നടപ്പിലാക്കുകയാണ് ഒരു കോടി രൂപ വിനിയോഗിച്ച് നിർവഹിച്ചിട്ടുള്ളത്. സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് നിർവഹണ ഏജൻസി എന്ന നിലയിൽ പദ്ധതി നടപ്പിലാക്കിയത്.