എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൽ അന്തര്‍ദേശീയ ആധുനിക സാങ്കേതിക കാഴചപ്പാടുകള്‍ വേണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍

Estimated read time 1 min read

എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ അന്തര്‍ദേശീയ-ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍.

കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ ചേര്‍ന്ന കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ നേതൃസമ്മേളനം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി.

സാങ്കേതിക വിദ്യാഭ്യാസ ഹബ്ബാകുവാനുള്ള അടിസ്ഥാന ആധുനിക സൗകര്യങ്ങള്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്കുണ്ട്. പ്രമുഖ റാങ്കിംഗുള്ള രാജ്യാന്തര യൂണിവേഴ്സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇൻസ്റ്റിറ്റ്യൂഷൻ-ഇന്‍ഡസ്ട്രി-ഇന്റര്‍നാഷണല്‍ എന്നീ ത്രിതലത്തില്‍ വിവിധ പദ്ധതികള്‍ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലും ആരംഭിക്കും. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ അന്വേഷണങ്ങളുണ്ട്.

അസോസിയേഷനുമായി സര്‍ക്കാര്‍ അടിയന്തരമായി കരാര്‍ ഒപ്പിട്ട് ഉത്തരവുകളിറക്കി അനുകൂല സാഹചര്യം ഉണ്ടാക്കണം. എഞ്ചിനീയറിംഗ് കോളജുകള്‍ എഞ്ചിനീയറിംഗ് സിറ്റികളും വ്യവസായ സാങ്കേതിക ഹബ്ബുകളുമാക്കി ഗവേഷണങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റന്‍ വിഷയാവതരണവും നടത്തി. വൈസ്പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ. റോയി വടക്കന്‍, മോണ്‍. തോമസ് കാക്കശ്ശേരി, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ. പോള്‍ പറത്താഴ, ഫാ.മാത്യു കൂരംകുഴ, ഫാ.ജസ്റ്റിന്‍ ആലുങ്കല്‍, ഫാ.ആന്റോ ചുങ്കത്ത്, ഫാ.എ.ആര്‍.ജോണ്‍, ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍, ഫാ: ലാസര്‍ വരമ്പകത്ത് ഫാ.ഡേവിസ് നെറ്റിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. എഐസിടി യുടെ 2024- 27 ത്രിവര്‍ഷ പ്രവര്‍ത്തന മാര്‍ഗരേഖ നിര്‍ദേശങ്ങളെ കുറിച്ച് അസോസിയേഷന്‍ വിപുലമായ പഠന സെമിനാര്‍ സംഘടിപ്പിക്കുന്നതാണ്.

You May Also Like

More From Author