കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷം വേറിട്ടതായി. കുന്നുംഭാഗം കാർഷിക കൂട്ടമാണ് നവജാതശിശുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.തൊപ്പിയും ഉടുപ്പും അണിഞ്ഞ അമ്പതോളം നവജാത ശിശുക്കളും അവരുടെ മാതാപിതാക്കളുമാണ് ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കാളികളായത്.

ചുവന്ന തൊപ്പിയും, ഉടുപ്പു മണിഞ്ഞ് അവർ കുഞ്ഞിളം മോണകൾ കാട്ടി ചിരിച്ചു. ഒന്നും രണ്ടു മല്ല അൻപതോളം കുഞ്ഞുങ്ങൾ.അതിൽ ഒരു മാസം പ്രായമുള്ളവർ മുതൽ ഇന്നലെ ഭൂമിയിലേയ്ക്ക് പിറന്ന് വീണവർ വരെ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ക്രിസ്തമസ് ആഘോഷമായിരുന്നു നവജാത ശിശുക്കളുടെ സംഗമ വേദിയായി മാറിയത്. ദൈവപുത്രൻ്റെ ജനനത്തെ വരവേല്ക്കുന്നത് ഭൂമിയിലേയ്ക്ക് പുതിയതായി പിറന്ന് വീണവർ തന്നെയാകട്ടെ എന്ന് തീരുമാനിച്ചത് കുന്നും ഭാഗത്തെ കർഷക കൂട്ടായ്മയായ കാർഷിക കൂട്ടമാണ്.ഇവരായിരുന്നു പരിപാടിയുടെ സംഘാടകരും.

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ജനിച്ച് വീണത് 117 ശിശുക്കളാണ്. ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ പ്രശാന്ത് ജി എൽ, ഐഷാ കെ.എം, സ്മിത വർഗ്ഗീസ്, അരുൺകുമാർ എൻ എന്നിവരുടെ അശ്രാന്ത പരിശ്രമം ഇതിന് പിന്നിലുണ്ടായിരുന്നു. ഒപ്പം ശിശുരോഗ വിഭാഗം ഡോക്ടർമാരായ ബിജു ഫൈസൽ, രാജു ഫ്രാൻസിസ് എന്നിവരുടെയും, മറ്റ് ജീവനക്കാരുടെയും പിന്തുണയും.ഇത് കണക്കിലെടുത്താണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം ശിശുക്കൾക്കും, അവർക്ക് ജന്മം നൽകാൻ പ്രയന് തിച്ച ഡോക്ടർമാർക്കുമൊപ്പമാകട്ടെ എന്ന് സംഘാടകർ തീരുമാനിച്ചത്.കിഡ്സ്മസ് എന്ന പേരിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിന് മോടി കൂട്ടാൻ കരോൾ ഗാനവും, ക്രിസ്മസ് പാപ്പയുമൊക്കെയായി. കുന്നും ഭാഗം സെൻ്റ് ജോസഫ്സ് പബ്ളിക് സ്കൂളിലെ കുട്ടികളും എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ.മണി അധ്യക്ഷനായിരുന്നു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ശിശുക്കൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകി.ആൻ്റണി മാർട്ടിൻ, ഡോ.നിഷ കെ മൊയ്തീൻ, ഡോ. രേഖ ശാലിനി, സിസ്റ്റർ ലിറ്റിൽ റോസ് എന്നിവർ നേതൃത്വം നൽകി.