ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്

Estimated read time 1 min read

കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗ്ഗീയ വിഭാഗീയ ചിന്തകള്‍ക്കതീതമായി സമൂഹം കൂടുതല്‍ സ്‌നേഹത്തോടും ഐക്യത്തോടും പരസ്പര സഹകരണത്തോടും സാഹോദര്യത്തോടും    പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന വിരുദ്ധശക്തികള്‍ക്കെതിരെ ജാഗരൂകരാകണമെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്.

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. വൈസ്‌ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ വഹിച്ച പങ്ക് സമ്മേളനം അനുസ്മരിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ നിദര്‍ശനമായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് ആഗോള ക്രൈസ്തവ സമൂഹത്തിന് കൂട്ടായ്മയുടെ മാതൃകയായി നിലകൊള്ളുന്നുവെന്നും ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സൂചിപ്പിച്ചു.

ട്രസ്റ്റ് സെക്രട്ടറി റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ബിഷപ് ജോഷ്വാ മാര്‍ നിക്കോദിമോസ്, ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എബ്രാഹം ഇട്ടിച്ചെറിയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ മാര്‍ച്ച് 22ന് ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ട് വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും നടത്തപ്പെട്ടു. ക്രൈസ്തവ കൂട്ടായ്മയുടെ പ്രതീകമായ നിലക്കല്‍ എക്യുമെനിക്കല്‍ പള്ളി, അന്താരാഷ്ട്ര  എക്യുമെനിക്കല്‍ സംവാദ കേന്ദ്രം, ധ്യാന മന്ദിര്‍ എന്നിവയുള്‍പ്പെടുന്ന നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള വിവിധ പദ്ധതികളും സമ്മേളനത്തില്‍ ആവിഷ്‌കരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനത്തില്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, ട്രസ്റ്റ് സെക്രട്ടറി റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ടസ്റ്റ് വൈസ്‌ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ബിഷപ് ജോഷ്വാ മാര്‍ നിക്കോദിമോസ്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവരോടൊപ്പം ട്രസ്റ്റ് ഭാരവാഹികളും ഉപദേശക സമിതിയംഗങ്ങളും.

You May Also Like

More From Author