എരുമേലി മണിപ്പുഴ തൂങ്കുഴിപ്പടിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കൂട്ടുതറ ഓലക്കുളത്ത് കുളമാന്‍കുഴിയിൽ കെ ജെ ചാക്കോയുടെ മകന്‍ കെ സി ലിബിന്‍ ( 28 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ബൈക്ക് അപകടത്തില്‍പ്പെട്ടതിന്റെ ശബ്ദം കേട്ട് റോഡരികിലുള്ള വീട്ടുകാർ ഇറങ്ങിനോക്കിയപ്പോഴാണ് റോഡരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ലിബിനെ കണ്ടെത്തിയത്. വെച്ചുച്ചിറയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയായിരുന്നു അപകടം.

സംഭവത്തിന്ശേഷം ഇതു വഴി എത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്നാണ് ലിബിനെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചതെങ്കിലും ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചു. സംസ്‌ക്കാരം നാളെ 11/12/ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെണ്‍കുറിഞ്ഞി ആംഗ്ലിക്കന്‍ സഭ സെമിത്തേരിയില്‍ നടക്കും. അപകടം സംബന്ധിച്ച് അന്വേഷണം നടന്നു വരുകയാണെന്നും ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്ന് പരിശോധിച്ചു വരികയാണെന്നുംഎരുമേലി എസ് .എച്ച് .ഒ ഇ .ഡി ബിജു പറഞ്ഞു.