ഏകദിന ലോകകപ്പിൽ ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. ആദ്യ ഇന്നിങ്സിൽ രണ്ട് ലങ്കൻ ബാറ്റർമാർ സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ മറുപടി ഇന്നിങ്സിൽ പാക്കിസ്ഥാനും അതേ നാണയത്തിൽ തിരിച്ചടി ച്ചു. പാക്ക് ഓപ്പണർ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി നേടിയപ്പോൾ, മധ്യനിരയിൽ മുഹമ്മദ് റിസ്വാനും അപരാജിത സെഞ്ചറിയുമായി കളം നിറഞ്ഞു. തുടക്കത്തിലെ പതർച്ചയിൽനിന്നും കരകയറിയ പാക്കിസ്ഥാൻ 8 പന്തുകൾ ബാക്കി നിൽക്കേ വിജയലക്ഷ്യം മറികടന്നു. സ്കോർ ശ്രീലങ്ക 50 ഓവറിൽ 9ന് 344, പാക്കിസ്ഥാൻ 48.2 ഓവറിൽ 4ന് 348.

ലോകകപ്പിൽ ഒരു ടീം പിന്തുടർന്നു ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണി ത്. ലോക കപ്പിൽ പാക്കിസ്ഥാന്റെ തുടർച്ചയായ രണ്ടാം ജയവും ശ്രീലങ്കയുടെ രണ്ടാം പരാജയ വുമാണിത്. ജയത്തോടെ പോയിന്റ് ടേബിളിൽ പാക്കിസ്ഥാ ൻ രണ്ടാമതെത്തി. ന്യൂസീ ലൻഡാണ് ഒന്നാമത്. തോറ്റെങ്കിലും റൺറേറ്റ് മെച്ചപ്പെടുത്തിയ ലങ്ക 10ൽനിന്നും 8–ാമതെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ 14ൽ നിൽക്കേ ഇമാം ഉൾ ഹഖും (12 പന്തിൽ 12) 37ൽ ക്യാപ്റ്റൻ ബാബർ അസമും (15 പന്തിൽ 10) പുറത്തായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച അബ്ദുല്ലയും റിസ്വാനും ചേർന്ന് കൂട്ടിച്ചേർത്ത 176 റൺസ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ലായി. ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഏറ്റവുമുയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 32–ാം ഓവറിൽ സ്കോർ 213ൽ നിൽക്കേ അബ്ദുല്ല പുറത്തായി. 103 പന്തിൽ 116 റൺസെടുത്ത അബ്ദുല്ലയെ പോയിന്റിൽ അവിശ്വസനീയ ക്യാച്ചിലൂടെയാണ് പകരക്കാരനായ ദുഷൻ ഹേമന്ത പുറത്താക്കിയത്. 3 സിക്സും 10 ഫോറും ഉൾപ്പെട്ടതാണ് അബ്ദുല്ലയുടെ ഇന്നിങ്സ്.

അഞ്ചാമനായി ക്രീസിലെത്തിയ സൗദ് ഷക്കീൽ റിസ്വാന് മികച്ച പിന്തുണ നൽകി. മഹീഷ് തീക്ഷ്ണ എറിഞ്ഞ 43–ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ റിസ്വാന്റെയും ഷക്കീലിന്റേയും ക്യാച്ചുകൾ ലങ്കൻ ഫീൽഡർമാർ കൈവിട്ടു. 45–ാം ഓവറിൽ 30 പന്തിൽ 31 റൺസുമായി ഷക്കീൽ പുറത്തായി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദിനൊപ്പം (10 പന്തിൽ 22*) റിസ്വാൻ പാക്കിസ്ഥാനെ വിജയത്തിലേക്കു നയിച്ചു. 121 പന്തുകൾ നേരിട്ട റിസ്വാൻ 131 റൺസുമായി പുറത്താകാതെ നിന്നു. 3 സിക്സും 8 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്.