സിറോ മലബാർ സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സിനഡ് യോഗത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ മെത്രാന്മാരുടെ ധ്യാനത്തോടെ സിനഡ് യോഗം ആരംഭിക്കും. പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക മാത്രമായിരിക്കും ഈ സിനഡ് യോഗത്തിലെ അജണ്ട.എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കങ്ങൾ ഉൾപ്പടെയുള്ള സഭയിലെ മറ്റ് പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷമുള്ള സിനഡ് യോഗത്തിലായിരിക്കും. കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചതിനുശേഷമുള്ള ആദ്യ സിനഡ് യോഗത്തിൽ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താൻ സിറോ മലബാർസഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പിൽ പങ്കെടുക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ് . ഇന്ന് ആരംഭിക്കുന്ന സിനഡ് ഈ മാസം 13 ന് അവസാനിക്കും.