മൈലപ്ര കൊലപാതകം മോഷണത്തിനിടെ, കൊന്നത് കഴുത്ത് ഞെരിച്ച്, 9 പവന്റെ മാല കാണാനില്ല

Estimated read time 1 min read

മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷ് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു.

ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കാണാനില്ല. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസ്. കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്.

വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത്. സിസിടിവി യുടെ ഹാർഡ് ഡിക്സ് എടുത്തുകൊണ്ടുപോയി. വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി, വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ – മൂവാറ്റുപുഴ റോഡിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

പത്തനംതിട്ട മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കാൻ എസ് പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. വൻ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്നു അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം നടത്തും. മോഷണത്തിനിടെ ഉണ്ടായ കൊലപാതകം എന്നാണ് നിഗമനം. കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളിൽ ജോർജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കിടന്ന സ്വർണ്ണ മാലയും കാണാതായിട്ടുണ്ട്.

You May Also Like

More From Author