ഇന്ത്യയ്ക്ക് 243 റൺസ് ജയം, വീണ്ടും ഒന്നാമത്

0
246

സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തി ന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും ചേർത്തുവച്ച് ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ സ്വപ്ന തുല്യമായ മുന്നേറ്റം നടത്തുന്ന ദക്ഷിണാഫ്രിക്കയെ തീർത്തും നിസാരൻമാരാക്കിയ ഐതിഹാസിക പ്രകടനവുമായി രോഹിത് ശർമയ്ക്കും സംഘത്തിനും ലോകകപ്പിലെ തുടർച്ചയായ എട്ടാം ജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റൺസിനു തകർത്ത ഇന്ത്യ, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും അരക്കിട്ടുറപ്പിച്ചു. ജന്മദിനത്തിലെ തകർപ്പൻ സെഞ്ചറിയുമായി വിരാട് കോലി കളിയിലെ കേമനായി.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വി ക്കറ്റ് നഷ്ടത്തിൽ നേടിയത് 326 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും കടലാ സിലെ കരുത്തിനോടു നീതി കാട്ടാനാകാതെ പോയ ദക്ഷിണാഫ്രിക്ക വെറും 27.1 ഓ വറിൽ 83 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ പേസ് ബോളർമാരും സ്പിൻ ദ്വ യ വും ഒരിക്കൽക്കൂടി ഇന്ത്യൻ വിജയത്തിനു പിന്നിലെ ഇഴപിരിയാത്ത കൂട്ടുകാരായി. ഒൻപത് ഓവറിൽ 33 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാ ണ് ഇത്തവണ ബോളർമാരിൽ ഒന്നാമനായത്.

30 പന്തിൽ ഒരു ഫോർ സഹിതം 14 റൺസ് മാത്രം നേടിയ മാർക്കോ ജാൻസനാണ് ടോപ് സ്കോറർ എന്നതിലുണ്ട് ദക്ഷിണാഫ്രിക്ക നേരിട്ട തകർച്ചയുടെ ആഴം. ജാൻസനു പുറമേ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ക്യാപ്റ്റൻ ടെംബ ബാവുമ 19 പന്തിൽ ഒരു ഫോർ സഹിതം 11 രൺസെടുത്തും, റാസ്സി വാൻഡർ ദസ്സൻ 32 പന്തിൽ ഒരു ഫോർ സഹിതം 13 റൺസെടുത്തും ഡേവിഡ് മില്ലർ 11 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്തും പുറത്തായി.

ഈ ലോകകപ്പിൽ മിന്നുന്ന ഫോമിലുള്ള നിലവിലെ ടോപ് സ്കോറർ ഓപ്പണർ ക്വിന്റൻ ഡികോക്ക് ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഡികോക്ക് 10 പന്തിൽ ഒരേയൊരു ഫോർ സഹിതം അഞ്ച് റൺസെടുത്ത് പുറത്തായി. എയ്ഡൻ മർക്രം (ആറു പന്തിൽ ഒൻപത്), ഹെൻറിച് ക്ലാസൻ (11 പന്തിൽ ഒന്ന്), കേശവ് മഹാരാജ് (11 പന്തിൽ ഏഴ്), കഗീസോ റബാദ (26 പന്തിൽ ആറ്), ലുങ്കി എൻഗിഡി (0) എന്നിവരും നിരാശപ്പെടുത്തി. ഷംസി നാലു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ജഡേജയ്ക്കു പുറമേ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് ഷമി, 5.1 ഓവറിൽ ഏഴു റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുൽദീപ് യാദവ് 4 ഓവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, എന്നിവരും തിളങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അഞ്ച് ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനം ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.