മുണ്ടക്കയം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവർ രക്ഷപെട്ട സംഭവം, വാഹനത്തിൽ നിന്നും ഒന്നര കിലോ കഞ്ചാവു കൂടി കണ്ടെത്തി. കോട്ടയം ജില്ലാ തിർത്തിയിൽ മുണ്ടക്ക യം കല്ലേപാലം ജങ്ഷനിൽ വ്യാഴാഴ്ച രാത്രി 11.30 ന് മുണ്ടക്കയം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കമ്പത്തു നിന്നും പച്ചക്കറിയുമായി മിനി ലോറി എത്തിയത്.  വാഹനം പൊലീസ്  പരിശോധിക്കുന്നതിനിടെ ലോറി ഡ്രൈവർ ഇരുട്ടിൽ ഓടി മറഞ്ഞു. പാലത്തിനിടയിലെ കുറ്റി കാട്ടിലൂടെ മണിമലയാറ്റിലേക്ക് ഓടിയ ഇയാളെ കണ്ടെത്താനായില്ല. വാഹനത്തിൽ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടർ ന്നു വാഹനം കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി.
എന്നാൽ വാഹനത്തിൽ കൂടുതൽ കഞ്ചാവ് ഉണ്ടന്ന വിവരത്തെ തുടർന്നു കോട്ടയത്തു നി ന്നും റോക്കി എന്ന പൊലീസ് നായ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രഹസ്യമായി വാഹനത്തിൻ്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവു കൂടി കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപെട്ടു ലോറി ഡ്രൈവർ ചിങ്ങവനം സ്വദേശി വിഷ്ണുവിനെ തിരെ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. പാലത്തിൽ നിന്നും ഓടി രക്ഷപെടുന്നതിനിടയിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയ വിവരം ലഭിച്ചതായി സി.ഐ. വി ഷിബുകുമാർ ‘മാധ്യമത്തോട് പറഞ്ഞു. ഉടൻ ഇയാൾ അറസ്റ്റിലാകുമെന്നും സി.ഐ. പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കൊണ്ടു വന്നതായതിനാൽ  കോടതി നിർദ്ദേശപ്രകാരം നശിപ്പിച്ചു കളഞ്ഞു.
          പച്ചക്കറിയുടെ മറവിൽ കഞ്ചാവ് കടത്തുന്നതായി വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു. ചെറിയ തുകയിൽ പച്ചക്കറി വാങ്ങുന്നതിനൊപ്പം തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയിൽ ലഭിക്കുന്ന കഞ്ചാവ് കൂടുതൽ വാങ്ങി കേരളത്തിലെത്തിച്ചു ലക്ഷകണക്കിനു രൂപയ്ക്ക് വിൽപ്പന നടത്തുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്ന വിവരവും പൊലീസിന് ലഭ്യമായിട്ടുണ്ട്.