എരുമേലി: കോണ്‍ഗ്രസ് പിന്തുണയുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ. ബി നോയിക്കെതിരേ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യോഗം ഇന്ന്. അതേസമയംഅവസാന നിമിഷം വൈസ് പ്രസിഡന്റ് സ്ഥാനം ആവശ്യ പ്പെട്ട് സിപിഐ രംഗത്ത് എത്തിയതോടെ എല്‍ഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ ക്ക് നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുകയാ ണ് എല്‍ഡിഎഫ്. വൈസ് പ്രസിഡന്റ് പദവി നല്‍കിയില്ലെങ്കില്‍ ഇന്നത്തെ അവിശ്വാ സ പ്രമേയ യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കാനാണ് സിപിഐയുടെ തീരുമാനം. ഇ ക്കാര്യം ഇന്നലെ എല്‍ഡിഎഫ് നേതൃത്വത്തെ സിപിഐ മണ്ഡലം സെക്രട്ടറി ഔദ്യോ ഗികമായി അറിയിച്ചു.

ഒരു വനിതാ അംഗം മാത്രമാണ് സിപിഐക്കുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നല്‍കിയാല്‍ പ്രസിഡന്റ് വനിതാ സംവരണം ആയ എരുമേലിയില്‍ വൈസ് പ്രസിഡന്റും വനിതയാകുമെന്ന് എല്‍ഡിഎഫ് നേതൃത്വത്തിലെ ചിലര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. സിപിഐയുടെ പിന്തുണ ഇല്ലാതെ അവിശ്വാസ പ്രമേയം പാസാക്കാനുള്ള അംഗബലം എല്‍ഡിഎഫിലില്ല. അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള യോഗം ചേരണമെങ്കില്‍ 23 അംഗങ്ങള്‍ ഉള്ള എരുമേലിയിലെ ഭരണസമിതിയില്‍ കുറഞ്ഞത് 12 അംഗങ്ങള്‍ പങ്കെടുക്കണം. സിപിഐ വിട്ടുനിന്നാല്‍ നിയമാനുസൃതമായ ഈ ക്വോറം തികയില്ല. ഈ സാഹചര്യത്തിലാണ് സിപിഐ യുടെ ആവശ്യം അംഗീകരിക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും നിര്‍ബന്ധിതരായിരിക്കുന്നത്. എങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയ ഒരു അംഗത്തിന്റെ പിന്തുണയില്‍ ഭൂരിപക്ഷം ഉറപ്പായതിനാലാണ് യുഡിഎഫിന്റെ പിന്തുണയുള്ള വൈസ് പ്രസിഡന്റ് ബിനോയിക്കെതിരേ അവിശ്വാസ പ്രമേയത്തിന് എല്‍ഡിഎഫ് ഒരുങ്ങിയത്.

സിപിഎം പ്രതിനിധിയായ പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടിക്കെതിരേ കഴിഞ്ഞയിടെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തിയപ്പോഴാണ് കോണ്‍ഗ്രസിലെ ഒരു അംഗം വിട്ടുനിന്നത്. കൂറു മാറി ഈ അംഗം വിട്ടു നിന്നത് മൂലം ക്വോറം നഷ്ടപ്പെടുകയും അവിശ്വാസ പ്രമേയ അവതരണ യോഗം നടത്താനാവാതെ പരാജയപ്പെടുകയും ചെയ്തു. കൂറു മാറിയ ഇരുമ്പൂന്നിക്കര വാര്‍ഡ് അംഗം പ്രകാശ് പള്ളിക്കൂടത്തെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല. ഇന്ന് അവിശ്വാസ പ്രമേയ യോഗത്തില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍ക്കുള്ള സാധ്യത ശക്തമായിട്ടുണ്ട്. രാവിലെ 11 നാണ് യോഗം ചേരുക. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസല്‍ ആണ് വരണാധികാരി.