ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം. വിജയലക്ഷ്യമായ 365 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 227 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി സെഞ്ചറി നേടിയ ഡേവിഡ് മലാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 66 പന്തിൽ 76 റൺസ് നേടിയ ഓപ്പണർ ലിട്ടൺ ദാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനുവേണ്ടി റീസ് ടോപ്‌ലി 4 വിക്കറ്റു വീഴ്ത്തി. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റു നഷ്ടത്തിൽ 364, ബംഗ്ലദേശ് 48.2 ഓവറിൽ 227ന് പുറത്ത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് ടീം സ്കോർ 14ൽ നിൽക്കേ തൻസിദ് ഹസനെ (2 പന്തിൽ 1) നഷ്ടമായി. നജ്മുൽ ഹൊസൈൻ ഷാന്റോ (0), ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (1), മെഹിദി ഹസൻ (8) എന്നിവർ വേഗത്തിൽ പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹിം അർധ സെഞ്ചറി നേടി. അഞ്ചാം വിക്കറ്റിൽ ലിട്ടൺ ദാസും മുഷ്ഫിഖർ റഹിമും ചേർന്നു നേടിയ 72 റൺസാണ് ബംഗ്ലദേശ് ഇന്നിങ്സിലെ വലിയ കൂട്ടുകെട്ട്. 64 പന്തിൽ 51 റൺസാണ് റഹിമിന്റെ സംഭാവന.
61 പന്തിൽ 39 റൺസ് നേടിയ തൗഹിദ് ഹൃദോയ് പുറത്തായതോടെ ബംഗ്ലദേശ് പരാജയം ഉറപ്പിച്ചു. പിന്നീടു വന്നവർക്ക് ചെറിയ സകോർ മാത്രമേ നേടാനായുള്ളൂ. 10 ഓവറിൽ 43 റൺസ് വഴങ്ങി 4 വിക്കറ്റു നേടിയ റീസ് ടോപ്‍ലി ബോളിങ്ങിൽ തിളങ്ങി. ക്രിസ് വോക്സ് രണ്ടും, സാം കറൻ, മാർക്ക് വുഡ്, ആദിൽ റഷിദ്, ലയാം ലിവിങ്സറ്റൺ എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.