ബുധനാഴ്ച രാത്രി 8 മണിയോടെ കാഞ്ഞിരപ്പള്ളി കോവിൽകടവിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ആണ് നാട് . അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയ്ക്കുശേഷം വീ ട്ടിൽ തിരിച്ചെത്തിയ നജീബ് തൻ്റെ ജീവൻ തിരിച്ച് നൽകിയതിന് സൃഷ്ടാവിനോട് നന്ദി പറയുന്നു. ഒപ്പം രക്ഷകരായി എത്തിയ നാട്ടുകാർക്കും പോലീസിനും ഫയർഫോഴ്സി നും നന്ദി പറയുന്നു. അപകടത്തെക്കുറിച്ച് രക്ഷപ്പെട്ട നിമിഷത്തെക്കുറിച്ച് നജീബ് മനോരമ ന്യൂസിനോട് പ്രതികരിക്കുന്നു. വീണ്ടും ഉറ്റവരെ കാണുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ നജീബ് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറഞ്ഞു.

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇന്നു രാവിലെയാണ് ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്. ബന്ധുമിത്രാദികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ക്ഷേമം അന്വേഷിക്കാൻ എത്തുന്നത്.

ബുധനാഴ്ച രാത്രി 8 മണിയോട് കൂടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് തടിലോറിയ്ക്കടിയിൽ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബ് മരണത്തിനും ജീവനുമിടയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തിക്രയിനിൻ്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് നാട്ടുകാർ കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയുമായിരുന്നു.തുടർന്ന് ഫയർ ഫോഴ്സ് കാറിൻ്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്.