കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

Estimated read time 0 min read
എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെ ത്തിയ വൈദികരും സന്യസ്തരുമുള്‍പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ  അധ്യക്ഷതയില്‍ നടത്തപ്പെട്ട പ്രതിനിധി സമ്മേളനത്തില്‍ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നല്കി.
കൂട്ടായ്മയുടെ സാക്ഷ്യം നല്കുവാൻ വിളിക്കപ്പെട്ടവരെന്ന നിലയിൽ ദൈവാരാധനയിൽ ഒന്നു ചേരുന്ന സമൂഹം ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവുമായി വർത്തിക്കുമെന്ന് രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശത്തിൽ ഓര്‍മ്മിപ്പിച്ചു. ആഴമുള്ള വിശ്വാസത്തിൽ നിന്നാണ് യഥാർത്ഥ സാക്ഷ്യ ജീവിതം പിറക്കുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്നോട്ട് നീങ്ങുന്ന വീഥികൾ എല്ലാവർക്കും മാതൃകയാണെന്നും ഇടുക്കി രൂപതാധ്യക്ഷൻ മാര്‍ ജോൺ നെല്ലിക്കുന്നേൽ മുഖ്യ പ്രഭാഷണമദ്ധ്യേ അനുസ്മരിപ്പിച്ചു. പൊതു സമൂഹത്തിൽ ക്രിയാത്മ ഇടപെടലുകൾ നടത്തുന്നതിന് സജീവമായ വിശ്വാസ ജീവിതത്തിലൂടെ സാധ്യമാകണമെ ന്ന് മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു.
അടുത്ത രൂപതാദിനത്തില്‍  സമാപിക്കത്തക്ക വിധത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ യുവജന വര്‍ഷമായി മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിക്കുകയും അടുത്ത രൂപതാദിന വേദിയായ അണക്കര ഫൊറോനയ്ക്ക്  ജൂബിലിതിരി കൈമാറുകയും ചെയ്തു.
മികച്ച സംരംഭകരായി തെരഞ്ഞടുക്കപ്പെട്ട വെബ് ആൻ്റ് ക്രാഫ്റ്റ്സ് ഐ.റ്റി കമ്പനി ഉടമ ജിലു ജോസഫ് മറ്റപ്പള്ളിൽ, റിഫോം ബിൽഡേഴ്സ് ഉടമ ജോസി ജോസഫ് തെക്കു പുറത്ത് എന്നിവർക്ക് രൂപതയുടെ ആദരവറിയിച്ച് വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സംസാരിച്ചു. വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് രൂപത വികാരി ജനറല്‍ ഫാ. കുര്യന്‍ താമരശ്ശേരി ആശംസകളര്‍പ്പിച്ചു. ഫേസ് ഓഫ് ദ ഫേസ് ലെസ് ചലച്ചിത്രം പൂർത്തീകരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ബേബിച്ചൻ ഏർത്തയിൽ, സംസ്ഥാന മികച്ച തഹസിൽദാർ അവർഡ് കരസ്ഥമാക്കിയ ബെന്നി മാത്യു വട്ടയ്ക്കാട്ട്, മൈക്രോ വാഷിംഗ് മെഷീൻ സാങ്കേതിക വിദ്യ കണ്ടുപിടിച്ച സെബിൻ സജി കരോട്ട്പുതിയാത്ത് എന്നിവരെയാണ് പ്രത്യേകമായി ആദരിച്ചത്.
രൂപതാ വികാരി ജനറല്‍  ഫാ. ജോസഫ് വെള്ളമറ്റം  സ്വാഗതം ആശംസിച്ച പ്രതിനിധി സമ്മേളനത്തില്‍  , തിരുഹൃദയ സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മേരി ഫിലിപ്പ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്രമീകരണങ്ങൾക്ക് ജനറൽ കൺവീനർ ഫാ. വർഗ്ഗീസ് പുതുപ്പറമ്പിലിൻ്റെ നേതൃത്വത്തിലുള്ള നൂറ്റമ്പതംഗ വോളണ്ടിയർ ടീം നേതൃത്വം നല്കി.

You May Also Like

More From Author

+ There are no comments

Add yours