കാഞ്ഞിരപ്പള്ളി: നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് അമ്പഴത്തിനാൽ – ഐരാറ്റുകുന്നേൽ നാട്ടുകാർ. ഇടവഴി റോഡ് ആക്കി നൽകണമെന്ന് നാട്ടുകാർ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടിയെത്തിയ സ്ഥാനാർഥി ആന്‍റണി മാർട്ടിനോട് അഭ്യർഥിച്ചപ്പോൾ വഴിയുണ്ടാക്കാം എന്ന് പറഞ്ഞുവെങ്കിലും മെംബർ ആയതിനുശേഷം കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത സ്ഥലത്ത് പ ഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ കരുണാകരൻ നായർ ചേറ്റേടത്തിൽ, അനിൽകുമാർ ചേരിയിൽ, അമ്പഴത്തിനാൽ വി ജയചന്ദ്രൻ പിള്ള, രാജേന്ദ്രൻ പിള്ള, പ്രസാദ് കുമാർ, ഓമനക്കുട്ടൻ താവൂർ എന്നിവരുടെ സ്ഥലം പഞ്ചായത്തിന്‍റെ പേർക്ക് ആധാരം എഴുതി പുതിയ റോഡ് നിർമിച്ചു.

പുതിയ വഴിയിൽ നാലോളം ഇലക്ട്രിക് പോസ്റ്റുകൾ റോഡിന്‍റെ നടുക്ക് തന്നെ വഴിമുടക്കി നിന്നപ്പോൾ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് ഇവ മാറ്റി സ്ഥാപിക്കുന്ന തിന് പിന്നെയും താമസം നേരിട്ടു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മൂന്നുലക്ഷം രൂപ റോഡിന് അനുവദിച്ചപ്പോഴാണ് റോഡ് നിർമാണ പദ്ധതികളുടെ തുക ഗവൺമെ ന്‍റ് പുതുക്കി നിശ്ചയിച്ചത്. അതോടെ റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്യാൻ ഈ തുക അപര്യാപ്തമായതോടെ റോഡ് നിർമാണം വീണ്ടും പ്രതിസന്ധിയിലായി. ഈ അവസരത്തിലാണ് 100 ശതമാനം നികുതി പിരിച്ചതിന് പഞ്ചായത്ത് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ഏഴാം വാർഡിന് സമ്മാനമായി ലഭിച്ചത്. ആ തുക കൂടി കൂട്ടി റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്തു. എല്ലാ തടസങ്ങളും നീങ്ങി റോഡ് പൂർത്തിയാക്കിയപ്പോൾ ഉദ്ഘാടനം നാട്ടുകാർ ആഘോഷമാക്കി മാറ്റി.
അമ്പഴത്തിനാൽ – ഐരാറ്റുകുന്നേൽ റോഡിന്‍റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് ഡോ.എൻ ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യ ക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടിൻ ജോസഫ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ കെ.ജി. രാജേഷ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, വി.എൻ. കരുണാകരൻ, കെ. ബാലചന്ദ്ര ൻ, സുരേഷ്, ജി. അജിത് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംഭാഗം യൂണിറ്റ് പ്രസിഡന്‍റ് റെജി കാവുങ്കൽ, മധുസൂദനൻ നായർ, സുരേഷ് എന്നി വർ പ്രസംഗിച്ചു.

+ There are no comments
Add yours