നാടിനെ മുൾമുനയിലാഴ്ത്തി മണിക്കൂറുകളുടെ തെരിച്ചിലിനൊടുവിൽ കൂട്ടിക്കലിൽനിന്നു കാണാതായ കുട്ടികളെ കണ്ടെത്തി. കൂട്ടിക്കൽ ടൗണിന് സമീപത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കാണാതായത്.
![](https://kanjirappallyreporters.com/wp-content/uploads/2024/05/Mery-Queens-01-copy-1024x116.png)
കുട്ടികൾ ബസിൽ കയറി മുണ്ടക്കയം ഭാഗത്തേക്കു പോയെന്ന് കിംവദന്തി പരന്നതോടെ നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടാതെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കുട്ടികളെ കാണാനില്ലെന്ന് വാർത്ത സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ നാട് ഒന്നാകെ കുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു.
ഇതിനിടയിൽ രണ്ടു കുട്ടികളെ പ്ലാപ്പള്ളി ഭാഗത്ത് കണ്ടതായി ചിലർ സൂചന നൽകി. ഇതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും നടത്തിയ തെരിച്ചിലിൽ പ്ലാപ്പള്ളിക്ക് ആളൊഴിഞ്ഞ റബർത്തോട്ടത്തിൽനിന്നു വൈകുന്നേരം 6.30ഓടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു.