മുൻമന്ത്രി കെ.നാരായണക്കുറുപ്പിന്റെ അനുസ്മരണസമ്മേളനം നാളെ

Estimated read time 1 min read

മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രൊഫ. കെ. നാരായണക്കുറുപ്പിൻ്റെ പതിനൊന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം 30 ന് നടക്കും. പൊൻകുന്നം വ്യാപാരഭവൻ ഹാളിൽ ഉച്ചക്ക് 2.30 ന് നടക്കുന്ന സമ്മേളനം സഹകരണ വകുപ്പ് ദേവസ്യം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.

യോഗത്തിൽ വിവിധ സർവകലാശാലകളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ഗിരീഷ് S നായർ, മോഹൻ ചേന്നംകുളം, റ്റി.കെ സുരേഷ് കുമാർ, പി.എം സലീം, ആർ പ്രസാദ്, എ.എം മാത്യു ആനിത്തോട്ടം, സുമേഷ് ആൻഡ്രൂസ് തുടങ്ങിയവർ സംസാരിക്കും. കെ. നാരായണക്കുറുപ്പ് സ്റ്റഡി സെൻ്ററാണ് സംഘടാകർ.

കെ. നാരായണക്കുറുപ്പ് (1927 ഒക്ടോബർ 23 – 2013 ജൂൺ 26)

കേരളത്തിലെ മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്നു കെ. നാരായണക്കുറുപ്പ് (1927 ഒക്ടോബർ 23 – 2013 ജൂൺ 26). കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഇദ്ദേഹം. വിവിധ ഘട്ടങ്ങളിലായി 26 വർഷം നിയമസഭയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി, ഡെപ്യൂട്ടി സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1954 ൽ വാഴൂർ നിയോജകമണ്ഡലത്തിൽനിന്ന് പി.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചു. തുടർന്ന് 1963, 1970, 1977, 1991, 1996, 2001 വർഷങ്ങളിലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റായി വളരെക്കാലം പ്രവർത്തിച്ചിരുന്നു. സി. അച്യുതമേനോൻ , കെ. കരുണാകരൻ , ഏ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ തുടങ്ങിയവർ നയിച്ച നിയമസഭകളിൽ ഗതാഗതം-എക്‌സൈസ് വകുപ്പുകളുടെ ചുമതല നിർവഹിച്ചു. ഇതിനിടയിൽ ആക്ടിങ് സ്പീക്കർ, പ്രോടെം സ്പീക്കർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു.

ട്രാവൻകൂർ, മദ്രാസ്, ബോംബെ, പൂനെ സർവകലാശാലകളിൽ പഠനം നടത്തി. 1954 ൽ തിരുകൊച്ചി നിയമസഭയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇദ്ദേഹം സജീവമായി പൊതുരംഗത്ത് പ്രവേശിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നിയമസഭാംഗമായത്. ആരോഗ്യമന്ത്രി വി.കെ. വേലപ്പൻ 1963ൽ മരണമടഞ്ഞതിനെത്തുടർന്നാണ് കോൺഗ്രസ് സീറ്റിൽ മത്സരിച്ചത്. അടുത്തവർഷം തന്നെ കോൺഗ്രസിൽ നിന്നും മാറി കേരള കോൺഗ്രസ് രൂപീകരണത്തിൽ പങ്കാളിയായി. 1970, 1977 വർഷങ്ങളിൽ വാഴൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.[3] 1980ൽ വാഴൂരിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സീറ്റിലാണ് മത്സരിച്ചിട്ടുള്ളത്. അടുത്തവർഷം തന്നെ കോൺഗ്രസിൽ തിരികെയെത്തി. പിന്നീട് പത്തു വർഷത്തിനു ശേഷം മാത്രമാണ് മത്സരത്തിനിറങ്ങിയത്. വീണ്ടും വാഴൂരിൽ നിന്നു തന്നെ 1991, 1996, 2001 വർഷങ്ങളിൽ വിജയിച്ചു. 1977 മുതൽ 1979 വരെ എക്സൈസ് – ഗതാഗത വകുപ്പ് മന്ത്രിയായി സേവനം ചെയ്തു. 1991 മുതൽ 1996 വരെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വഹിച്ചു. കൂടാതെ 53 ദിവസം ആക്ടിങ് സ്പീക്കർ സ്ഥാനം വഹിച്ചു. 2 വർഷം 8 മാസം കൊണ്ട് നാലു സഭകളിൽ മന്ത്രിയായി. രണ്ടാം അച്യുതമേനോൻ, ഒന്നാം കരുണാകരൻ, ഒന്നാം ആന്റണി, പി. കെ. വി. എന്നീ സഭകളിലായി ഗതാഗത-എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചു. കോളജ് അധ്യാപകൻ, അഭിഭാഷകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി.

You May Also Like

More From Author

+ There are no comments

Add yours