കാഞ്ഞിരപ്പള്ളി: ഛത്തീസ്ഘട്ടിൽ രണ്ടു കന്യാസ്ത്രീകൾക്കെതിരേ അകാരണമായി വലിയ കുറ്റം ആരോപിച്ച് യാതൊരുനീതിബോധവും ഇല്ലാത്തവിധം ജയിലിൽ അടയ്ക്കാൻ ഇടയാക്കിയ ഭീകരവും സങ്കടകരവുമായ യാഥാർഥ്യം ഭാരതജനതയെ ലജ്ജിപ്പിക്കുന്നതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ.
ഛത്തീസ്ഘട്ടിൽ മതപരിവർത്തനം ആരോപിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതി ഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ഒരു മതേതര രാജ്യമാണ്. അതിന് അർഥവത്തായ ഒരു ഭരണഘടനയുണ്ട്. ഭാരതാംബയുടെ ആത്മാവിനാണ് മുറിവേറ്റിരിക്കുന്നത്. ഛത്തീസ്ഘട്ടിൽ നടന്ന സംഭവം ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. സമാനമായ ധാരാളം സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. വർധിച്ചുവരുന്ന വർഗീയതയും വിഭാഗീയ ചിന്തകളും മൂലം ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ജീവിക്കാൻ വയ്യാത്തവിധമുള്ള സാഹചര്യം ഒരുക്കപ്പെട്ടിരിക്കുന്നു എന്നത് ഏറ്റവും സങ്കടകരമായ അവസ്ഥയാണ്. ദൈവ സ്നേ ഹത്തെപ്രതി മനുഷ്യർക്കുവേണ്ടി ത്യാഗപൂർവ്വം ജീവിതം സമർപ്പിച്ചിരിക്കുന്ന വിവിധ സന്യാസ സമൂഹത്തിൽപ്പെട്ട സന്യാസിനിമാർ, വൈദികർ, അല്മായ സഹാ ദരങ്ങൾ എന്നിവരൊക്കെ ചെയ്യുന്ന വലിയ ശുശ്രൂഷകളെയെല്ലാം നിഷ്കരുണം മതപരിവർത്തനത്തിന്‍റെ ലേബൽ ഒട്ടിച്ച് പുറംതള്ളുകയും അതിന്‍റെ പേരിൽ അവരെ കുറ്റം വിധിക്കുന്ന നിർഭാഗ്യാവസ്ഥ ഏറെ സങ്കടകരമാണെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റു മായ റവ.ഡോ. കുര്യൻ താമരശേരി, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, റെജി കൊച്ചുകരിപ്പാപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours