കാഞ്ഞിരപ്പള്ളി: ശക്തമായ മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്. ഓടകൾ ഇല്ലാത്തതും ഉള്ള ഓടകൾ മണ്ണും മാലിന്യവും നിറഞ്ഞ് മൂടിയതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. കനത്ത മഴയിൽ ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്പിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. വെള്ളം കെട്ടി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ആളുകളുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയാണ്. ബസ് സ്റ്റാന്‍ഡ് പ്രവേശന കാവടത്തിന് മുന്‍പിലൂടെ പുത്തനങ്ങാടി ഭാഗത്ത് നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളമാണ് ഇവിടെ കെട്ടികിടക്കുന്നത്.
പുത്തനങ്ങാടി ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് ഒഴുകുന്നതിനുള്ള ഭാഗം അടഞ്ഞ് കിടക്കുകയാണ്. അതിനാൽ വെള്ളം റോഡിലൂടെ കയറി ഒഴുകാനുള്ള കാരണമെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു. ബസ് സ്റ്റാന്‍ഡിന് മുന്‍വശം താഴ്ന്ന ഭാഗമാണ് ഇവിടെ നിന്ന് ഇരു വശത്തേക്കുമുള്ള ഓടയിലേക്ക് വെള്ളം ഒഴുകുന്നതിനും സംവിധാനമില്ല. ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലടക്കം വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയിലാണ്. മഴ പെയ്ത് തീര്‍ന്ന് ഏറെ നേരം കഴിഞ്ഞാണ് ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാകുകയുള്ളു. മഴവെള്ളത്തിനൊപ്പം കറുത്ത നിറത്തിലുള്ള മാലിന്യം കലർന്ന് വെള്ളവും വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പിലൂടെ യാണ് ഒഴുകിയെത്തുന്നത്. ഇത് പ്രദേശത്തൊക്കെ കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മൂക്ക് പൊത്തി ഇരിക്കേണ്ട ഗതികേടാണെന്ന് വ്യാപാരികൾ പറയുന്നു. ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കി വെള്ളം ഒഴുകിപോകാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായി.

+ There are no comments
Add yours