പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് പിടിപി നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുക്കുമ്പോൾ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായി. കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ ശാസ്മംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വാഴൂർ സോമൻ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെയാണ് ജനനേതാവായി വളർന്നത്. ഇടുക്കിയിലെ മലയോര മേഖലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ പടുത്തുയർത്താൻ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തി. മൃതദേഹം എംഎൻ സ്മാരക മന്ദിരത്തിലേക്ക് പൊതുദർശനത്തിനായി മാറ്റും. എംഎൻ സ്മാരകത്തിൽ വൈകുന്നേരം ഏഴ് മുതലാ യിരിക്കും പോതുദർശനം. ഇടുക്കി പീരുമേട്ടിൽനിന്ന് സിപിഐ എംഎൽഎ ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. വെയർ ഹൌസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.

+ There are no comments
Add yours