എരുമേലി : യാത്രക്ക് പണവും സഹായമഭ്യര്‍ത്ഥിക്കാന്‍ ഫോണും ഇല്ലാതെ റോഡില്‍ വിഷമവൃത്തത്തിലായ അയ്യപ്പഭക്തരെ കണ്ട് വിവരങ്ങളറിഞ്ഞ ഗതാഗത വകുപ്പിലെ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ അടിയന്തിര ഇടപെടല്‍ നടത്തിയപ്പോള്‍ ഭക്തര്‍ക്ക് നഷ്ടപ്പെ ട്ടതെല്ലാം തിരികെ കിട്ടി. എരുമേലിയില്‍ വെളളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ചെന്നൈ സ്വദേശികളായ മനോജ്, രഘു എന്നീ അയ്യപ്പഭക്തരുടെയാണ് ബാഗ് നഷ്ടപ്പെട്ടത്.

പത്തനംതിട്ടയില്‍ നിന്നും എരുമേലിക്ക് വരുന്നതിനിടെ മുരാഹാര ബസില്‍ വെച്ചാണ് ബാഗ് നഷ്ടപ്പെട്ടതെന്നറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉടനെ പത്തനംതിട്ടയിലെ സേഫ് സോണിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് ബസില്‍ നിന്നും ബാഗ് കണ്ടെടുത്ത പത്തനംതിട്ട സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ എരുമേലിയിലേക്ക് വരികയായിരുന്ന ശരണ്യ ബസില്‍ ബാഗ് കൊടുത്തുവിട്ടു. എരുമേലിയില്‍ സേഫ് സോണ്‍ ഓഫിസില്‍ വെച്ച് ഭക്തര്‍ക്ക് ബാഗ് കൈമാറി. ആറായിരം രൂപയും തിരിച്ചറിയല്‍ കാര്‍ഡുകളും ഫോണുകളും എടിഎം കാര്‍ഡുകളുമാണ് നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നത്.

ഇവയെല്ലാം ഒരു മണിക്കൂറിനുളളില്‍ തിരികെ കിട്ടിയ ഭക്തര്‍ കേരള സര്‍ക്കാരിനും സേഫ് സോണിനും അകമഴിഞ്ഞ നന്ദി അറിയിച്ചാണ് മടങ്ങിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കെരിം, റെജി, അനീഷ് എന്നിവരുള്‍പ്പെട്ട സേഫ് സോണ്‍ സംഘവും ബസ് ജീവനക്കാരുമാണ് നന്മയുടെ നല്ല മാതൃക പകര്‍ന്ന് തുണയായത്.