സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനോടുള്ള എതിര്‍പ്പിനെത്തുടര്‍ന്നു പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സിപിഎം. കൊക്കയാര്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ദുരന്ത നിവാരണവും തൊഴിലുറപ്പു ജോലിയും സംബന്ധിച്ച പ്രധാന പഞ്ചായത്ത് കമ്മിറ്റി യോഗമാണ് സിപിഎം ബഹിഷ്കരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ സിപിഐയുടെ താലൂക്ക് കമ്മിറ്റി ഭാരവാഹികളെ വിളിച്ചില്ലെന്ന പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശംമൂലമാണ് താന്‍ ഇടതുയോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. ഇത് സിപിഎം വേദികളില്‍ ചര്‍ച്ചയാവുകയും അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ സിപിഎം അംഗങ്ങള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു. അതിനുശേഷം നടന്ന ആദ്യപഞ്ചായത്തു കമ്മിറ്റി യോഗമായിരുന്നു തിങ്കളാഴ്ച നടന്നത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ സിപിഎമ്മിലെ ആറുപേരും പങ്കെടുത്തിരുന്നില്ല.

ദുരന്ത നിവാരണം, പുതിയ ആശുപത്രി നിര്‍മാണം, തൊഴിലുറപ്പു ജോലി അംഗീകരിക്കല്‍, 2024-25 വാര്‍ഷികപദ്ധതി എന്നീ വിഷയങ്ങള്‍ അജണ്ടയാക്കിയായി വിളിച്ചു ചേര്‍ത്തതായിരുന്നു കമ്മിറ്റി. കോണ്‍ഗ്രസിലെ അഞ്ചു പേരും സിപിഐയിലെ പഞ്ചായത്ത് പ്രസിഡന്റും യോഗത്തില്‍ പങ്കെടുത്തു. എല്ലാ അജണ്ടയും ചര്‍ച്ച ചെയ്ത് കമ്മിറ്റി തീരുമാനമെടുത്തു. അതേസമയം, പ്രകൃതി ദുരന്ത നിവാരണവും തൊഴിലുറപ്പുമടക്കം പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കമ്മിറ്റി ഇടതുമുന്നണിയിലെ തര്‍ക്കംമൂലം ബഹിഷ്കരിച്ചത് നീതിയല്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി പറഞ്ഞു. ഇടതുമുന്നണിയിലെ തര്‍ക്കംമൂലം സിപിഎമ്മും സിപിഐയും സാധാരണജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

+ There are no comments
Add yours