കാഞ്ഞിരപ്പിള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും ദുരൂഹത നീക്കാനായില്ല. അന്വേഷണം തൃപ്തി കരമല്ലെന്ന ആരോപണവുമായി ജസ്‌നയുടെ ആക്ഷന്‍ കൗണ്‍സിലും രംഗതെത്തി.

മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പിള്ളി എസ്ഡി കോളജിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജസ്‌ന മരിയയുടെ തിരോധാനം. മുക്കൂട്ടത്തറിയിലെ വീട്ടില്‍ നിന്ന് മുണ്ടക്കയത്തിന് സമീപം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ട ജസ്‌നയെ പിന്നീട് ആരും കണ്ടില്ല. വീട്ടുകാര്‍ പരാതി നല്‍കി നാലാംപക്കമാണ് വെച്ചൂച്ചിറ പൊലീസ് ജസ്‌നയുടെ വീട്ടിലെത്തിയത്. കോളജില്‍ വിവരശേഖരണത്തിനായി പൊലീസ് എത്തിയത് 12 ദിവസം കഴിഞ്ഞ്.ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്താതിരുന്നതോടെ ജസ്‌നയുടെ സുഹൃത്തുക്കളും കോളജിലെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സി ലിന് രൂപം നല്‍കി. തൊട്ടുപിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ മുഖ്യമ ന്ത്രി നിയോഗിച്ചു. അയല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ചതല്ലാതെ കേസിന് ഒരു തുമ്പുണ്ടാക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അന്വേഷണം ഒരു വഴിക്കും മുന്നോട്ടു കൊണ്ടു പോകാനാകാത്ത പൊലീസ് ഇനാം പ്രഖ്യാപിച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും കാത്തിരിക്കുകയാണ്. വീഴ്ചകൾ മറച്ചുവെച്ച് ജസ്ന തിരോധാന കേസും എഴുതിതള്ളാനൊരുങ്ങുകയാണ് പൊലീസും സർക്കാരും.