മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാതയിൽ അപകടകരമായി വാഹനം ഓടിച്ച കാർ ഡ്രൈവർ അറസ്റ്റിൽ. കുമളി വലിയകണ്ടം സ്വദേശി ഞാലിയിൽ ഷിജിൻ ഷാജി (31) യെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചും അപകടകരമായി രീതിയിലും വാഹനം ഓടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നാടിനെ ഭീതിയിലാഴ്ത്തി ദേശീയപാതയിലൂടെ മദ്യലഹരിയിൽ യുവാവിന്റെ അഭ്യാസപ്രകടനം. പലതവണ നിയന്ത്രണം നഷ്ടമായ വാഹനം മറ്റ് വാഹനങ്ങളിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നിയന്ത്രണം നഷ്ടമായി പോകുന്ന കാറിന്റെ ദൃശ്യങ്ങൾ പുറകെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ പകർത്തി ഉടൻ തന്നെ പോലീസിന് കൈമാറുകയും പെരുവന്താനം സിഐ കെ.കെ. പ്രശോഭിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കൊടുകുത്തിക്ക് സമീപം പോലീസ് ഈ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയും ഷിജിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

+ There are no comments
Add yours