സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രായേൽ ദമ്പതികൾ പൊലീസ് കസ്റ്റഡിയിലായി . ഇന്റലിജൻസ് നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മുണ്ടക്കയം പൊലീസാണ് വിനോദ സഞ്ചാരിയായ ഇസ്രായേൽ പൗരനെയും ഭാര്യയേയും കോട്ടയം ജില്ലാ അതിർത്തിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.

ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രായേലിൽ നിന്നും കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എത്തിയ ഇയാൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതോടെ അനധികൃതമായ സിഗ്നൽ ടെലികോം വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം മുഖേന പോലീസിന് വിവരം ലഭി ക്കുകയും തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു.
സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യം അറിയാതെയാണ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു . ദുബായിൽ നിന്നും വാങ്ങിയതായിരുന്നു ഫോൺ. മലയും കാടുകളിലും പോകുമ്പോൾ ഉപയോഗിക്കുന്നതിനായി വാങ്ങിയതായിരുന്നു ഫോൺ. ടെലികമ്യൂണിക്കേഷൻ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നു മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ രാകേഷ് പറഞ്ഞു.

+ There are no comments
Add yours