കാഞ്ഞിരപ്പള്ളി അമിത വേഗതയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വഴിയാത്രികന്‍ മരിച്ചു. കുമരകം പള്ളിച്ചിറ ഇല്ലിച്ചുവട്ടില്‍ കുഞ്ഞ്കുഞ്ഞിന്റെ മകന്‍ ചന്ദ്രേഷ് (ചന്ദ്രാജി-52) ആണ് മരിച്ചത്. ബൈക്ക് യാത്രികരായ കാഞ്ഞിരപ്പള്ളി സ്വദേശികളായ കൊന്താലുംപറമ്പില്‍ സുജിത് (20), പാറയില്‍പുരയിടം രാജേഷ്(19) എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച രാത്രി പത്തരയോടെ കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംക്ഷന് സമീപം മണിമല റോഡിലായിരുന്നു അപകടം. ഇവിടെ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പിലെ വെല്‍ഡറാണ് ചന്ദ്രാജി. മൂന്നാഴ്ച്ച മുമ്പാണ് ചന്ദ്രാജി ഇവിടെ ജോലിക്കെത്തിയത്. 

ജോലി കഴിഞ്ഞ് വര്‍ക്ക്‌ഷോപ്പിലെ മറ്റൊരു ജീവനക്കാരനുമൊത്ത് ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു. എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ചന്ദ്രാജിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തെറിച്ചുവീണ് തലയ്ക്കു പരു ക്കേറ്റ ചന്ദ്രാജിയെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാ യില്ല.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍.