കാഞ്ഞിരപ്പള്ളി: ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സാമൂഹികാഘാത പഠനം ആരംഭിച്ചതായി ഡോ.എന്‍.ജയരാജ് എംഎല്‍എ അറിയിച്ചു. പദ്ധതിക്ക് ഏറ്റെടുക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സര്‍വേ നമ്പറുകളില്‍പ്പെട്ട 308.13 ആര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നം.54‍/16/ആര്‍ഡി നമ്പര്‍ പ്രകാരം 2016 ജനുവരി ആറിന് ഉത്തരവായതാണ്.

2013ലെ കേന്ദ്ര നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച 29-06-2016 ജൂൺ ആറിന്  കെഡി(അച്ചടി) നം.376/2016/ഡിഎച്ച്,  കെഡി(അച്ചടി) ഡബ്ലു.377/2016/ഡിഎച്ച്, എന്നീ ഉത്തരവുകള്‍ പ്രകാരം 200 ആര്‍ – ന് മുകളില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സംസ്ഥാനതലത്തില്‍ അധികാരമു ള്ള ഒരു സംഘം സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതുണ്ട്.സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് നോണ്‍ ഒഫിഷ്യല്‍ സയയ്ന്‍റിസ്റ്റുകള്‍, പുനരധി വാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ദ്ധരായ രണ്ട് പേര്‍, സ്ഥലം ആവശ്യപ്പെടുന്ന വകുപ്പില്‍ നിന്നുള്ള വിഷയ വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്നതാണ് ഈ സംഘം. ആവശ്യമായ സ്ഥലങ്ങ ളുടെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2017 മെയ് എട്ടിന് ലെ റവന്യൂ വകുപ്പിന്‍റെ  ഉത്തരവു പ്രകാരം   സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച സംസ്ഥാനതലസംഘമാണ് ഇപ്പോള്‍ പഠനം ആരംഭിച്ചിരിക്കുന്നത്.

സ്ഥലം വിട്ടു നല്‍കുന്ന സ്ഥലമുടമകളുമായി ഒരു പ്രാഥമിക ഹിയറിംഗ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു. ഇത് സംബന്ധിച്ച് സ്ഥലമുടമകള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ച് സുതാര്യമായും ചട്ടപ്രകാരവും മാത്രമേ  പദ്ധതി പൂര്‍ത്തീകരിക്കുവെന്ന് സ്ഥലമുടമകളെ ബോധിപ്പിച്ചതായി എംഎല്‍എ അറിയിച്ചു. പഠന റിപ്പോര്‍ട്ട് സംസ്ഥാനതല എക്‌പേര്‍ട്ട് കമ്മിറ്റി പരിശോധിക്കും.

അംഗീകാരം ലഭിച്ചാലുടന്‍ ജില്ലാ കളക്ടര്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. റവന്യൂ വകുപ്പില്‍ നിന്ന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്ന സാഹചര്യത്തില്‍ 2018ല്‍ തന്നെ ബൈപാസിന്‍റെ പണികള്‍ ആരംഭിക്കാനാകുമെന്ന് എംഎല്‍എ അറിയിച്ചു.