ഇടതുപക്ഷത്തുനിന്നു വലതുപക്ഷം ഭരണം തിരിച്ചുപിടിച്ച മുണ്ടക്കയം പഞ്ചായത്തിൽ പ്രമുഖ മുന്നണികളെ തോൽപ്പിച്ച് വിജയിച്ചത് മൂന്ന് സ്വതന്ത്രർ. ഒന്നാം വാർഡ് വേലനിലത്ത് സൂസൻ ജോമി കണ്ടത്തിൽ, അഞ്ചാം വാർഡ് മൈക്കോളജിയിൽ സിനി ആന്റോ, ഇരുപതാം വാർഡ് ഇഞ്ചിയാനിയിൽ ജയിംസ് പി. ജോസ് എന്നിവരാണ് ഇടത്-വലത് മുന്നണികളെയും എൻഡിഎ മുന്നണിയെയും തോൽപ്പിച്ച് വിജയം കരസ്ഥമാക്കിയവർ.

സൂസൻ ജോമി കണ്ടത്തിലിന്റെ ഭർത്താവ് ജോമി കഴിഞ്ഞ ടീമിൽ മുണ്ടക്കയം പഞ്ചായത്തംഗമായിരുന്നു. പി.സി. ജോർജിന്റെ ജനപക്ഷ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ജോമി ഇതേ വാർഡിൽ ഭാര്യയെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുകയായിരുന്നു. 188 വോട്ടുകൾക്കാണ് സൂസൻ ജോമി വിജയിച്ചത്. ഈ വാർഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി അനു മാത്യു 409 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ഷാമിന സിറാജ് 129 വോട്ടും നേടി.
അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ മുസ്ലിം ലീഗിന്റെ നസീമ ഹാരിസ് (235), എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ്-എമ്മിലെ ഫ്ലോറി ആന്റണി (329) എന്നിവരെ തോൽപ്പിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായ സിനി ആന്റോ (410) വിജയിച്ചത്. 81 വോട്ടുകൾക്കാണ് ഇവിടെ സിനി വിജയിച്ചത്. സീറ്റ് വിഭജനവേളയിൽ യുഡിഎഫിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ച വാർഡായിരുന്നു മൈക്കോളജി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ഇവിടെ മുസ്ലിം ലീഗ് ആവശ്യപ്പെടുകയായിരുന്നു. ഉന്നത നേതൃത്വം ഇടപെട്ടു നടത്തിയ ചർച്ചയ്ക്കൊടുവിൽ ലീഗിന് സീറ്റ് വിട്ടുനൽകുകയായിരുന്നു.
ഇരുപതാം വാർഡ് ഇഞ്ചിയാനിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ജയിംസ് പി. ജോസാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. 432 വോട്ടുകളാണ് ഇവിടെ ജയിംസിനു ലഭിച്ചത്. കേരള കോൺഗ്രസ്-എമ്മിന്റെ സിറ്റിംഗ് സീറ്റിലാണ് സ്വതന്ത്രൻ ആറ് വോട്ടുകൾക്ക് വിജയിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ ജിജി നിക്കോളാസ് (426) എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ്-എമ്മിലെ ആൽബി ടോം (239) എന്നിവരാണ് മത്സരിച്ചത്.

+ There are no comments
Add yours