കാഞ്ഞിരപ്പള്ളി: ദേവാലയത്തിന്റെ മുഖവാരം ലേസർ ഷോയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് മാർഗനിർദേശം പുറപ്പെടുവിച്ച് കാഞ്ഞിരപ്പള്ളി രൂപത. ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരുനാൾ ആഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകിയത്. തിരുനാളാഘോഷങ്ങളിൽ ധൂർത്തും ആർഭാടവും ഒഴിവാക്കണം, അലങ്കാരങ്ങളിൽ മിതത്വവും ലാളിത്യവും പാലിക്കണം, കൊടിതോരണങ്ങളും പരസ്യബോർഡുകളും പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം, ആഘോഷങ്ങൾ ആരാധനക്രമ കേന്ദ്രീകൃതമായിരിക്കണം, തിരുക്കർമങ്ങൾക്ക് മൈക്ക് ഉപയോഗിക്കുമ്പോൾ പള്ളി കോമ്പൗണ്ടിൽ ഒതുങ്ങി നിൽക്കത്തക്കവിധം ശബ്ദം ക്രമീകരിക്കണം, പ്രദക്ഷിണത്തിന് അമിത ദൈർഘ്യം പാടില്ല.

നാസിക് ദോൾ തുടങ്ങിയ അമിത ശബ്ദഘോഷങ്ങൾ ഒഴിവാക്കണം, കരിമരുന്നു കലാപ്രകടനം നിരുത്സാഹപ്പെടുത്തണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. തിരുനാളുകൾ മാതൃകാപരമാക്കാൻ ആഘോഷങ്ങൾ വേണ്ടെന്നുവയ്ക്കുന്നത് അഭികാമ്യമല്ല. ദൈവജനത്തിന്റെ ആത്മീയജീവിതത്തെ പോഷിപ്പിക്കുന്നതും വിശ്വാസസാക്ഷ്യത്തിനുതകുന്നതും ഇടവക സമൂഹത്തിലെ എല്ലാവർക്കും സന്തോഷവും സംതൃപ്തിയും നൽകന്നതുമായിരിക്കണം തിരുനാളാഘോഷമെന്ന് മാർ ജോസ് പുളിക്കൽ സർക്കുലറിൽ പറയുന്നു.കേരള കത്തോലിക്ക മെത്രാൻ സമിതി നൽകിയ അജപാലന നിർദേശങ്ങളുടെ പശ്ചാത്തലത്തിലും രൂപത വൈദികസമിതിയിലും പാസ്റ്ററൽ കൗൺസിലിലും ഉയർന്നുവന്ന അഭിപ്രായങ്ങൾ പരിഗണിച്ചുമാണ് തിരുനാൾ സംബന്ധിച്ച് രൂപതയിൽ പാലിക്കപ്പെടേണ്ട അജപാലന നിർദേശങ്ങൾ നൽകിയത്.

+ There are no comments
Add yours