സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു. ഇന്ന് പവന് 1760 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 71,440 രൂപയായി. ഗ്രാമിന് 220 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് നിലവിൽ 8930 രൂപയാണ്. ലോക വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് ലോകവിപണിയിൽ സ്വർണവിലയെത്തി. സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 3,293.98 ആയി ഉയർന്നു. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.3 ശതമാനമാണ് ഉയർന്നത്. 3,295.80 ഡോളറായാണ് വില ഉയർന്നത്.

10 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 71,000 കടന്നത്. 5 ദിവസം മുമ്പ് 68,880 രൂപയായിരുന്നു. പിന്നീട് കൂടിയത് 2,560 രൂപ. ഇന്നലെ ഔൺസിന് 3,212 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,300 ഡോളറിന് മുകളിലേക്ക് ഒറ്റയടിക്ക് ഇരച്ചുകയറിയതാണ് കേരളത്തിലെ സ്വർണവിലയും കൂടാനിടയാക്കിയത്. രാജ്യാന്തര സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണത്തിന്റെ ബോംബെ വിപണിവില (Mumbai Rate), സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (bank rate) എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ സ്വർണവില നിർണയം. നിലവിൽ 3,308 ഡോളറിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസ് (Moody’s) ക്രെഡിറ്റ് റേറ്റിങ് കുറച്ചതിന്റെ ആഘാതം യുഎസിന്റെ സമ്പദ്‍വ്യവസ്ഥയിൽ നിഴലിക്കുകയാണ്. ഇതോടൊപ്പം പ്രസിഡന്റ് ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് ഒരുങ്ങുന്നതും ഊർജമാകുന്നത് സ്വർണത്തിന്റെ കുതിപ്പിന്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് (US Dollar Index) 100 നിലവാരത്തിൽ നിന്ന് വീണ്ടും 99ലേക്ക് വീണതോടെ സ്വർണത്തിന് ഡിമാൻഡേറി.

+ There are no comments
Add yours