കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിൽ പുതിയ സ്കോളർഷിപ്പുകൾ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ പഠിക്കുന്ന കുട്ടികൾക്ക് കോളേജും പൂർവ്വ വിദ്യാർത്ഥികളും സ്ഥാപനങ്ങളും വ്യത്യസ്തങ്ങളായ പുതിയ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി. ഇൻഡോ-യുഎസ് ഫിസിക്സ് സ്കോളർ പ്രോഗ്രാം കോളേജിലെ ബി. എസ്. സി ഫിസിക്സ് പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്കുള്ളതാണ്. അമേരിക്കയിലെ ടെക്സസ് എ ആന്‍റ് എം സർവ്വകലാശാലയിലെ പ്രൊഫ. ജി. അജിത് കുമാറാണ് പ ദ്ധതിക്കു നേതൃത്വം നൽകുന്നത്.

മെറ്റീരിയൽസ് സയൻസ്, ഫോട്ടോണിക്സ് എന്നിങ്ങനെയുള്ള നൂതന ഫിസിക്സ്‌ വിഷയങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള പ്രൊഫ. ജി. അജിത് കുമാർ സെന്‍റ് ഡൊമിനിക്സ് കോളേജിലെ പൂർവ്വവിദ്യാർത്ഥിയും, നിലവിൽ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൽ വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമിനിസെക്യൂർ പ്രൈവറ്റ് ലിമിറ്റഡ് ആണ് സെന്‍റ് ഡൊമിനിക്സ് കോളേജിൽ ഈ സ്കോളർഷിപ്പ് സ്പോൺസർ ചെയ്യുന്നത്. അമേരിക്കൻ സർവ്വകലാശാലകളിലും മറ്റു പ്രശസ്ത സർവ്വകലാശാലകളിലും ഉപരിപഠനമോ ഗവേഷണമോ നടത്താനാഗ്രഹിക്കുന്ന ഫിസിക്സ് വിദ്യാർത്ഥികൾക്ക് പ്രൊഫ. അജിത് കുമാറിന്‍റെ പ്രത്യേക പരിശീലനവും മാർഗ്ഗനിർദ്ദേശവും ബിരുദപഠന കാലത്തു തന്നെ ലഭിക്കും. കോളേജിലെ ഒന്നും, രണ്ടും, മൂന്നും വർഷ ഫിസിക്സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഇൻറർവ്യൂവിലൂടെ ആയിരിക്കും പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മികച്ച സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ സഹായം നൽകുന്നതുമാണ്. GRE, TOEFL പഠനവും സ്കോളർഷിപ്പിന്‍റെ പരിധിയിൽ വരും. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും സ്കോളർഷിപ്പായി ലഭിക്കുന്നതാണ്. രാജ്യത്തെ പ്രശസ്ത സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ്, കോൺഫറൻസുകളിൽ പ്രബന്ധാവതരണം, ഗവേഷണ പരിശീലനം മുതലായ അവസരങ്ങളും അതിനുള്ള സാമ്പത്തിക സഹായവും ഇവർക്ക് ലഭ്യമാക്കും..

ഇതിനു പുറമേ, ബാങ്ക് ഓഫ് ബറോഡ ഈ വർഷം കോളേജിലെ മൂന്നു കുട്ടികൾക്ക് 31,000 രൂപ വീതം സ്കോളർഷിപ്പ് നടപ്പാക്കി. സമഗ്രമായ മികവു പുലർത്തുന്ന വിദ്യാർത്ഥി, പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർത്ഥി, കായിക രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥി എന്നിങ്ങനെയാണ് മൂന്നുപേരെ തിരഞ്ഞെടു ക്കുന്നത്. ഈ വർഷം യഥാക്രമം അലൻ വർഗീസ്, അമൃതമോൾ ഷാജി, സിൻ്റോമോൻ സി. ബി. എന്നിവർ ഈ സ്കോളർഷിപ്പ് നേടി. ബിരുദാനന്തര ബിരുദ പഠനത്തിനുള്ള മൂന്നു ലക്ഷം രൂപ വീതമുള്ള യു ജി സി സ്കോളർഷിപ്പ് ഈ വർഷം മരിയ റോസ് തോമസ്, ആൽഫി ട്രീസ ജോസ്, സോനാ ചാക്കോ, ശ്രീക്കുട്ടി തിലകൻ എന്നീ വിദ്യാർത്ഥികൾ സ്വന്തമാക്കി.

മേൽപറഞ്ഞവയ്ക്കു പുറമെ കോളേജിലെ നിലവിലുള്ള ജീവനക്കാരും വിരമിച്ച ജീവനക്കാരും അഭ്യുദയകാംക്ഷികളും പി റ്റി എയും ഏർപ്പെടുത്തിയിട്ടുള്ള ഇരുന്നൂറ്റമ്പതോളം സ്കോളർഷിപ്പുകൾ കോളേജിലെ കുട്ടികൾക്ക് ഓരോ വർഷവും നൽകിവരുന്നു. കൂടാതെ, പഠനത്തിൽ മികവു പുലർത്തുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്കായുള്ള പിന്തുണാ സംവിധാനങ്ങളും കോളേജിലുണ്ട്.

ഗ്രാമ പ്രദേശങ്ങളിലെ കുട്ടികൾക്ക് അന്തർദ്ദേശീയ നിലവാരമുള്ള പഠന സൗകര്യമൊരുക്കുന്നതിനൊപ്പം ലോകത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഉപരിപഠനത്തിന് എല്ലാവിധ സാഹചര്യങ്ങളുമൊരുക്കുന്നതിനാണ് കോളേജ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ് പറഞ്ഞു. പ്രതിഭയും കഠിനാധ്വാന സന്നദ്ധതയുമുള്ള വിദ്യാർത്ഥികളുടെ സാദ്ധ്യതകളെ ഗ്രാമീണാന്തരീക്ഷവും സാമ്പത്തിക പിന്നാക്കാവസ്ഥയും തടയാതിരിക്കാനാണ് കോളജ് ശ്രമിക്കുന്നത്.

Share :

You May Also Like

More From Author

+ There are no comments

Add yours