എരുമേലി : കുടുംബം പോറ്റാൻ വളയിട്ട കൈകൾ ഓട്ടോ ഓടിക്കുന്നത് ഇനി എരുമേലി യിൽ കാണാം. അതിന് നന്ദി പറയേണ്ടത് ഗ്രാമപഞ്ചായത്തിനോടാണ്. പെണ്ണുങ്ങൾക്ക് ഓട്ടോയോ എന്ന് ചോദിച്ച് നെറ്റി ചുളിച്ചവരോട് ജീവിക്കാൻ നല്ലൊരു തൊഴിലും സ്ത്രീ യാത്രക്കാർക്ക് വിശ്വസിക്കാവുന്ന ഡ്രൈവറും എന്ന് മറുപടി നൽകിയ വികസന കാര്യ ചെയർമാൻ കെ ആർ അജേഷ് നടത്തിയ ശ്രമഫലമായാണ് വിപ്ലവകരമായ വനിതാ ഓട്ടോ പദ്ധതി യാഥാർത്ഥ്യമായത്.ആദ്യ ഓട്ടോറിക്ഷയുടെ ഉദ്ഘാടനം  പഞ്ചായത്ത് ഓഫിസിൻറ്റെ മുറ്റത്ത് വെച്ച് പ്രസിഡ ൻറ്റ് ടി എസ് കൃഷ്ണകുമാർ നിർവ്വഹിച്ചു. മൊത്തം ഒൻപത് വനിതകൾക്കാണ് ഈ സാമ്പത്തികവർഷം ഓട്ടോറിക്ഷകൾ നൽകുക. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ട വനിതകൾക്ക് മൂന്ന് വീതവും ജനറൽ വിഭാഗം വനിതകൾക്ക് മൂന്നും ഓട്ടോകളുമാ ണ് നൽകുക. പട്ടികജാതി , പട്ടിക വർഗ വനിതകൾക്ക് അര ലക്ഷവും ജനറൽ വനിതകൾ ക്ക് മുപ്പതിനായിരവുമാണ് പഞ്ചായത്ത് നൽകുക.

ബാക്കി തുക കൈവശമില്ലാത്തവർക്ക് ബാങ്ക് വായ്പ ലഭിക്കും. പഞ്ചായത്തിൻറ്റെ വിഹിതം നേരിട്ട് ബാങ്കിലേക്ക് നൽകും. ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉളള വനിതകളെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ഓട്ടോ വിതരണം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് സെക്കട്ടറി പി എ നൗഷാദ്, അസി. സെക്കട്ടറി എം എൻ വിജയൻ, മുട്ടപ്പളളി വാർഡംഗം കുഞ്ഞമ്മ ടീച്ചർ ഉൾപ്പടെ നിരവധിയാളുകൾ പങ്കെടുത്തു.നിരത്തിലിറങ്ങുന്ന വനിതാ സാരഥികൾ ഇനി എരുമേലിയിലെ ഓട്ടോ ഡ്രൈവർമാർ മാത്രമല്ല വനിതകളുടെ വിശ്വസ്തരായ വഴികാട്ടിയുമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ പറഞ്ഞു.