സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന റ്റി.ആർ രഘുനാഥനെ പ്രസിഡന്റായും ട്രഷററായിരുന്ന എ.വി റസലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായിരുന്ന വി.പി ഇബ്രാഹിമാണ് പുതിയ ട്രഷറർ. 71 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവിൽ പതിനൊന്ന് വീതം വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെക്രട്ടറിമാരുമുണ്ട്.

നാലുനാളുകളായി കാഞ്ഞിരപ്പള്ളിയിൽ നടന്നുവരുന്ന സി.ഐ.ടി.യു കോട്ടയം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രകടനവും യോഗവും നടക്കും. കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാർ ഏരിയാ കളിൽ നിന്നുമുള്ളവർ കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനിലും വാഴൂർ ഏരിയായിലുള്ളവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കലും കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, പുതുപ്പള്ളി, അയർക്കുന്നം, കടുത്തുരുത്തി, തലയോലപറമ്പ്, വൈക്കം ഏരിയായിലുള്ളവർ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ പടിക്കലും പ്രകടനത്തിനായി കേന്ദ്രീകരിച്ച് അവിടെ നിന്ന് സമ്മേളന നഗരിയിൽ എത്തണം. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രത്യേകം തയ്യാർ ചെയ്തിട്ടുള്ള മുഹമ്മദ് അമീൻ നഗറിൽ (തോംസൺ സ്റ്റേഡിയം) ചേരുന്ന പൊതുസമ്മേളനം സംഘടനയുടെ സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും.