കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ ഭൂമി വിഷയങ്ങളില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലവില്‍ വന്ന കേരള ഭൂപരിഷ്‌ക്കരണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിന് പകരം അതിലെ വ്യവസ്ഥകള്‍ ഇപ്പോള്‍ പൊടിതട്ടിയെടുത്ത് കര്‍ഷകരെ പീഠിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെ.പി.സി.സി മാധ്യമ വിഭാഗം വ്യക്താവ് റോണി കെ.ബേബി്. കേരളത്തിലെ കാര്‍ഷിക, സമ്പദ് വ്യവസ്ഥകളുടെ നട്ടെല്ല് എന്ന നിലയിലാണ് തോട്ടങ്ങളെ 1963ലെയും 1969ലെയും കേരള ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയത്.
തോട്ടങ്ങളെ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുകയും, ബാക്കി ഭൂമിയില്‍ സര്‍ക്കാരിന്‍ നിന്നും ‘കള്‍ട്ടിവേറ്റിങ്ങ് ടെനന്റ് ‘ എന്ന അവകാശം കര്‍ഷകര്‍ക്ക് സിദ്ധിക്കുകയും ചെയ്തതാണ്. ഈ ഭൂമിക്ക് എല്ലാം കൃത്യമായി ഭൂനികുതി അടച്ചുവരുന്നതും ഒരു നിശ്ചിത കാലത്തിന്നു ശേഷം ഭൂനികുതി അടച്ച് കൈവശം വയ്ക്കുന്ന ഭൂമിക്ക് തീറവകാശം വിവിധ ഹൈക്കോടി, സുപ്രീം കോടതി വിധികള്‍ വഴി ലഭിച്ചിട്ടുള്ളതുമാണ്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ഇത്തരം ഭൂമിയുടെ ഭൂരിപക്ഷവും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗ ഉടമ്പടികള്‍ വഴിയായും വില്‍പ്പനകളിലൂടെയും സര്‍ക്കാരിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് സഹിതം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
വസ്തുതകള്‍ ഇതായിരിക്കെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81 (1) ഇ വകുപ്പില്‍ ഭേദഗതി വരുത്തി ഇളവ് ലഭിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ പ്രസ്തുത ഭൂമിയും വസ്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം കര്‍ഷകരോടുള്ള വെല്ലുവിളിയാണ്.
റബറിന്റെ വിലത്തകര്‍ച്ചയും, കാര്‍ഷിക മേഖലയിലെ മറ്റ് പ്രതിസന്ധികളും മൂലം
കാഞ്ഞിരപ്പള്ളി , മീനച്ചില്‍ താലൂക്കുകളില്‍ ഇളവ് ലഭിച്ച പല തോട്ടങ്ങളും രജിസ്‌ട്രേഷന്‍ ഇനത്തില്‍ സര്‍ക്കാരിന് നികുതി അടച്ചുതന്നെ തുണ്ടുകളക്കി വില്‍പന നടത്തുകയും പുരയിടം എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തി കരം നല്‍കിവരികയും ചെയ്യുമ്പോഴാണ് ഇടിത്തീ പോലെ സര്‍ക്കാരിന്റെ തീരുമാനം കര്‍ഷകരുടെ തലയില്‍ പതിക്കുന്നത്. വര്‍ഷങ്ങളായി നികുതി അടച്ച് കൈവശം വെച്ചിരിക്കുന്ന ഭൂമി തോട്ട ഭൂമിയാണ് എന്ന റവന്യൂ രേഖകള്‍ കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്ന നാല്‍പ്പതിനായിരത്തില്‍ പരം കര്‍ഷക കുടുംബങ്ങളെയാണ് വകമാറ്റിയ ഭൂമി പിടിച്ചെടുക്കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്.
ചെറുകിട ഇടത്തരം കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ച സര്‍ക്കാര്‍ വന്‍കിട തോട്ടം മാനേജുമെന്റുകള്‍ക്കു വേണ്ടി നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. തോട്ടഭൂമി വകമാറ്റരുത് എന്ന് പറയുന്ന സര്‍ക്കാര്‍ ചെറുവള്ളി തോട്ടം വകമാറ്റി അവിടെ വിമാനത്താവളം പണിയുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ ഭൂമിയാണ് എന്ന് സര്‍ക്കാരിന്റെ ഏഴ് അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയ ചെറുവള്ളി തോട്ടം ഭൂനികുതി അടച്ച് പേരില്‍ കുട്ടി നല്‍കാന്‍ സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുകയാണ്. വിമാനത്താവളത്തിന്റെ പേരില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.
കാലഹരണപ്പെട്ട കേരള ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ മറവില്‍ പാവപ്പെട്ട കര്‍ഷകരെ ഒറ്റുകൊടുക്കുന്ന സര്‍ക്കാര്‍ അതേ ഭൂ പരിഷ്‌ക്കരണ നിയമം മൂടിവെച്ചു കൊണ്ട് വിമാനത്താവളത്തിന്റെ പേരില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഈ ഇരട്ടത്താപ്പ് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ക്ക് നീതി ഉറപ്പു വരുത്തണമെന്നും കെ.പി.സി.സി മാധ്യമ വിഭാഗം വ്യക്താവ് റോണി കെ.ബേബി ആവശ്യപ്പെട്ടു.