കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. ശബരിമലയ്ക്ക് പോവുകയായിരുന്ന ആന്ധ്ര സ്വദേശികളുടെ വാഹനമാണ് കണമല അട്ടിവളവില്‍ അപകടത്തില്‍പ്പെട്ടത്. തിട്ടയിലെ കട്ടിങ്ങില്‍ ഇടിച്ചതിനാല്‍ ബസ് താഴ്ചയിലേക്ക് പോയില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്ക്ക് അപകടത്തില്‍ പരിക്കേറ്റു, അഞ്ച് പേരെ കാഞ്ഞിരപ്പള്ളിയിലെ ജനറല്‍ ആശുപത്രിയിലും രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ബസില്‍ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ പോലിസ്, ഫയര്‍ ഫോഴ്‌സ്, മോട്ടോര്‍ വെഹിക്കിള്‍ റോഡ് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു. ബസില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍. അപകടങ്ങള്‍ പതിവായി ഉണ്ടാകാറുള്ള മേഖലയാണ് ഇത്.