സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. പാറശാലയില്‍ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്.

കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂണ്‍ 6നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടന്നത്.