പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ് ബാരിയര്‍ പി.സി.ജോര്‍ജ് എം എല്‍എതകര്‍ത്തു. ടോള്‍ നല്‍കാതെ സ്റ്റോപ് ബാരിയര്‍ തകര്‍ത്ത് എംഎല്‍ എ വാഹനം ഓടിച്ചുപോയി. ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.

ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തത് ശരിയായ കാര്യമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ആര് കുറ്റം പറഞ്ഞാലും തനിക്കൊന്നുമില്ല. ടോള്‍ വാങ്ങാന്‍ വൈകി. പിന്നില്‍ വാഹനങ്ങള്‍ കൂടിയതോടെയാണ് താന്‍ പുറത്തിറങ്ങിയത്. എംഎല്‍എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരികയായിരുന്നു എംഎല്‍എ. ടോള്‍ പ്‌ളാസ യിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വാഹനം ജനപ്ര തിനിധിയുടേതാണെന്നു മനസിലായിരുന്നില്ല.പാലിയേക്കര ടോള്‍ പ്ലാസ യിലെ ജീവനക്കാര്‍ എം.എല്‍.എയെ തടഞ്ഞ് ടോള്‍ ചോദിച്ചു. ഇതില്‍ പ്രകോപിതനായ പി.സി.ജോര്‍ജ് വണ്ടിയില്‍ നിന്നിറങ്ങി. വാഹനങ്ങള്‍ തടയുന്ന സ്റ്റോപ്പ് ബാരിയര്‍ ഒടിച്ചു. സഹായികള്‍ ഇത് പൂര്‍ണമായും പൊട്ടിച്ചു.

ഇതിന് ശേഷം എം.എല്‍.എയും കൂട്ടരും കാര്‍ ഓടിച്ചു പോയി. ടോള്‍ പ്ലാസ അധികൃതര്‍ ഉടനെ പൊലീസിനെ വിവരമറിയിച്ചു. എം.എല്‍.എ മാരെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, ഇതര സംസ്ഥാ നക്കാരനായ ജീവനക്കാരന് എം.എല്‍.എയെ മനസിലായില്ലെന്ന് ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞു.