കാഞ്ഞിരപ്പള്ളി ഫൊറോന മിഷൻ ലീഗിന്‍റെ ആഭിമുഖ്യത്തിൽ ഫൊറോനയിലെ 13 ഇടവകളിലെ നിന്നുള്ള കുഞ്ഞുമിഷനറിമാരുടെ സംഗമം കാഞ്ഞിരപ്പള്ളിയിൽ നടത്തി. അക്കരപ്പള്ളിയിൽ നിന്നു ആരംഭിച്ച റാലി ചെറുപുഷ്പ മിഷൻ ലീഗ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. റോബിൻസ് മറ്റത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടന്ന മിഷൻ സംഗമം രൂപത വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിൽ ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ കുഞ്ഞുമിഷനറിമാർ ക്രിസ്തുവിനെ അറിയുന്നവരും മറ്റുള്ളവർക്ക് കൊടുക്കുന്നവരുമായിട്ട് മാറണമെന്നും കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അതിന് എതിരായി ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് ഫാ. ജസ്റ്റിൻ പഴേപറന്പിൽ പറഞ്ഞു.

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയായുടെ സഹോദരൻ സ്റ്റീഫൻ വട്ടാലിൽ ക്ലാസുകൾ നയിച്ചു. റാണി മരിയായുടെ ചരിത്രവും എങ്ങനെയാണ് നല്ലൊരു മിഷനറിയായി ജീവിക്കേണ്ടതെന്നും സ്റ്റീഫൻ വട്ടാലിൽ കുട്ടികളോട് വിശദീകരിച്ചു. ഫൊറോന ഡയറക്ടർ ഫാ.  മാത്യു നടയ്ക്കൽ, ഫൊറോന ആനിമേറ്റർ സിസ്റ്റർ ഡെയ്സ് മരിയ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ മിഷൻ സംഗമത്തിന് നേതൃത്വം നൽകി. 13 ഇടവകളിൽ നിന്നായി ആയിരത്തിൽപരം കുഞ്ഞുമിഷനറിമാർ മിഷൻ സംഗമത്തിൽ പങ്കെടുത്തു.