കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ അക്കാദമിക് ബ്ലോക്കി ന്റെ നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നു. നിര്‍ദിഷ്ട കെട്ടിടം പണികഴിപ്പിക്കുന്ന സ്ഥ ലത്തെ മരങ്ങള്‍ മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് ഇപ്പോള്‍ പുരോഗമി ക്കുന്നത്.ഗവണ്‍മെന്റ് ഹൈസ്‌കൂളിനോടനുബന്ധിച്ച് സ്പോര്‍ട്സ് സ്‌കൂള്‍ ആരംഭിക്കു ന്നതിന് മുന്നോടിയായാണ് പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം. നിലവിലെ സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കിയശേഷം വേണം സ്പോര്‍ട്സ് സ്‌കൂളിനായി സിന്തറ്റിക് ട്രാക്ക് അടക്കം നിര്‍മിക്കുവാന്‍.

ഇതിന്റെ നിര്‍മാണം നടക്കുന്പോള്‍ നിലവിലെ കെട്ടിടത്തില്‍ അധ്യയനം നടത്തുന്ന വിദ്യാര്‍ഥികളെ ഇവിടെ നിന്നു മാറ്റേണ്ടി വരും. ഇതിനു വേണ്ടിയാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നത്.പുതിയ കെട്ടിട നിര്‍മാണത്തിന് മുന്നോടിയായി ഭൂമിയുടെ ഉറപ്പ് കണക്കാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയടക്കം മുന്പ് നടത്തിയിരുന്നു. അക്കാദമിക് ബ്ലോക്കിനായി തറക്കല്ലിടീലും നടത്തി. ഇനി കെട്ടിട നിര്‍മാണം തുടങ്ങണമെങ്കില്‍ ഇവിടുത്തെ മരങ്ങള്‍ മുറിച്ച് നീക്കേണ്ടതുണ്ട്.സോഷ്യല്‍ ഫോറസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് മുറിച്ച് മാറ്റേണ്ട മരങ്ങള്‍ ഏതെന്ന് തിട്ടപ്പെടുത്തു കയും ഇവയ്ക്ക് വില നിശ്ചയിക്കുകയും ചെയ്തു. ആഞ്ഞിലി, പ്ലാവ്, മരുത്, വാക, ചേല എന്നീ ഇനത്തില്‍പ്പെട്ട പതിനഞ്ച് മരങ്ങള്‍ മുറിച്ച് നീക്കുവാനാണ് ഇവര്‍ അനുമതി നല്‍കിയിരിക്കുന്നത്.


കഴിഞ്ഞ മാസത്തില്‍ മൂന്ന് തവണ ലേലം നടന്നുവെങ്കിലും ഉയര്‍ന്ന തുകയായതിനാല്‍ ആരും ലേലം കൊള്ളുവാന്‍ തയാറായില്ല. ഇപ്പോള്‍ വീണ്ടും പുനര്‍ലേലത്തിനായുള്ള നടപടികള്‍ നടന്നു വരികയാണ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അനുമതി കൂടി ലഭിച്ചാല്‍ ലേല തീയതി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ഡോ.എന്‍. ജയരാജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം നടക്കുന്നത്.