ലോക്‌സഭാ സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മി ലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ജോസ്.കെ.മാണി നയിക്കുന്ന കേരള യാത്രയുടെ ഇന്നത്തെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതെ പി.ജെ. ജോസഫ് അതൃപ്തി വ്യക്തമാക്കിയ തിനു പിന്നാലെ ജോസഫ് ഗ്രൂപ്പ് നിലപാട് ശക്തമാക്കി.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേ രള കോണ്‍ഗ്രസ് 2 സീറ്റു ചോദിക്കണമെന്നും അതില്‍ ഒന്നു തങ്ങള്‍ക്കു വേണമെന്നും മോ ന്‍സ് ജോസഫ് എംഎല്‍എ ഇന്നലെ പറഞ്ഞതോടെയാണ് ഭിന്നത പുറത്തായത്. ഭിന്നത ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) അടുത്തയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റേ ഉള്ളുവെങ്കില്‍ അതു തങ്ങള്‍ക്കു വേണമെന്നും ഇടുക്കിയിലോ കോട്ടയത്തോ മത്സരിക്കാന്‍ പി.ജെ. ജോസഫ് തയാറാണെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ കെ.എം. മാണിയും പി.ജെ. ജോസഫുമാണെന്ന വാദവും ജോസഫ് വിഭാഗം ഉയര്‍ത്തുന്നു. 2 സീറ്റ് ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ പിന്നീടു തീരുമാനിക്കുമെന്നു മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. സീറ്റു ലഭിച്ചില്ലെങ്കില്‍ ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ തുടരാനാണു നീക്കം. കേരള കോണ്‍ഗ്രസിലെ (എം) അസംതൃപ്തരായ മുതിര്‍ന്ന നേതാക്കള്‍ തങ്ങളോടൊപ്പം എത്തുമെന്നും ജോസഫ് വിഭാഗം കരുതുന്നു.

അതേസമയം, കഴിഞ്ഞ തവണ ജോസ് കെ. മാണി വിജയിച്ച കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കേണ്ടെന്നാണു മാണി വിഭാഗത്തിന്റെ ഉറച്ച നിലപാട്. തിങ്കളാഴ്ച കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ 2 സീറ്റ് ആവശ്യപ്പെടും. രണ്ടെണ്ണം കിട്ടിയാല്‍ ഒന്ന് ജോസഫ് വിഭാഗത്തിന്. ഇപ്പോഴുള്ള ഏക സീറ്റാണെങ്കില്‍ വിട്ടുകൊടുക്കില്ല. സീറ്റിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പിണങ്ങി മൂവാറ്റുപുഴയില്‍ പി.ജെ. ജോസഫ് മത്സരിച്ചു തോറ്റ ചരിത്രം മറക്കരുതെന്നും മാണി വിഭാഗം പറയുന്നു. 2 സീറ്റ് ആവശ്യപ്പെടുമെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. സംഘടനാ ബലം അനുസരിച്ചാണു സീറ്റ് തീരുമാനിക്കുക. സ്ഥാനാര്‍ഥി ആരാകണമെന്നത് പാര്‍ട്ടിയില്‍ തീരുമാനിക്കേണ്ടതാണെന്നും ജോസ് കെ. മാണി പറഞ്ഞു.

രണ്ടു സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറാവില്ലെന്ന് ഇരുവിഭാഗങ്ങള്‍ക്കും അറിയാം. ഇതോടെയാണു കോട്ടയത്തായാലും പി.ജെ. ജോസഫ് മത്സരിക്കാന്‍ ഒരുക്കമാണെന്ന പുതിയ നിലപാടിലേക്ക് ജോസഫ് ഗ്രൂപ്പ് മാറിയത്. ലയനത്തിനു ശേഷം മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത കേരള യാത്രയോടെയാണു രൂക്ഷമായത്. പാര്‍ട്ടി ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനും ഉള്ളപ്പോള്‍ വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയെ യാത്രയുടെ ക്യാപ്റ്റനാക്കിയത് പാര്‍ട്ടി പിടിച്ചടക്കാനുള്ള നീക്കമാണെന്നാണ് പി.ജെ. ജോസഫിന്റെ ആശങ്ക.

പി.ജെ ജോസഫും കെ.സി ജോസഫും ദുബായില്‍ ചര്‍ച്ച നടത്തി

ദുബായ്ന്മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു കൂടി അനുവദിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നും പാര്‍ട്ടിയുടെ പിളര്‍പ്പിന് അത് വഴിതെളിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞതായ വാര്‍ത്ത നാട്ടില്‍ പ്രചരിക്കുമ്പോള്‍ അദ്ദേഹം ദുബായില്‍ ഒരു മാധ്യമത്തോടും പ്രതികരിക്കുന്നില്ലെന്ന നിലാപാടാണ് സ്വീകരിച്ചത്. ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം പ്രതികരണത്തിന് തയാറായില്ല. അതേസമയം കെ.സി ജോസഫുമായി അദ്ദേഹം ഹോട്ടലില്‍ ചര്‍ച്ച നടത്തി.