എരുമേലി : തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ സൗജന്യ വൈഫൈ വാഗ്ദാനം ചെയ്ത ബിഎസ്എന്‍എല്‍ ഇത് പാലിച്ചില്ലെന്നും തുടരെ നെറ്റ് വര്‍ക്ക് തകരാര്‍ മൂലം ഉപയോക്താക്കളെ വലയ്ക്കുന്നെന്നും ആക്ഷേപം. ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പരുകള്‍ തമ്മില്‍ ബന്ധപ്പെടുന്നതിനും കഴിയുന്നില്ലെന്ന് പരാതി. തീര്‍ത്ഥാടകരും നാട്ടുകാരുമുള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് നെറ്റ് വര്‍ക്കിന്റ്റെ ശേഷി കുറഞ്ഞത് മൂലം വലഞ്ഞുകൊണ്ടിരിക്കുന്നത്. 
പത്ത് തവണയെങ്കിലും കോള്‍ ചെയ്താലാണ് ലൈന്‍ കിട്ടുക. ഇതാകട്ടെ ഇടയ്ക്കു വെച്ച് നിലയ്ക്കുകയും ചെയ്യും. പരിധിക്ക് പുറത്താണെന്നും നമ്പര്‍ ഡയല്‍ ചെയ്തത് വീണ്ടും പരിശോധിക്കണമെന്നും വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്പര്‍ തിരക്കിലാണെന്നും സ്വിച്ച് ഓഫാണെന്നും തുടങ്ങി തെറ്റായ അറിയിപ്പുകളാണ് നല്‍കുന്നത്. പല ആവര്‍ത്തി കോള്‍ ചെയ്ത് ശ്രമിച്ചുകൊണ്ടിരുന്നാല്‍ നെറ്റ് വര്‍ക്ക് തകരാര്‍ മാറി ലൈന്‍ കണക്റ്റഡാകും.

എന്നാല്‍ ഇടയ്ക്കുവെച്ച് സംസാരം ഒരു ഭാഗത്തേത് മാത്രമാവുകയോ മറ്റ് നമ്പരുകളില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ സംഭാഷണം കേള്‍ക്കേണ്ടി വരികയോ നിലയ്ക്കുകയോ ചെയ്യുന്നു. ഇത്തവണ തീര്‍ത്ഥാടനകാല മുന്നൊരുക്ക യോഗത്തില്‍ വെച്ചാണ് ആവശ്യമായ സ്ഥലവും സൗകര്യവും ലഭ്യമാക്കിയാല്‍ സൗജന്യ വൈഫൈ ക്രമീകരിക്കാമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചത്. സ്ഥലവും സൗകര്യവും നല്‍കാമെന്ന് യോഗത്തില്‍ വെച്ച് ദേവസ്വം ബോര്‍ഡ് ഉറപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ പിന്നീടാ നടപടികളൊന്നുമുണ്ടായില്ല. ഇതിന് പുറമെയാണ് ഇപ്പോള്‍ ദിവസേനെയെന്നോണം നെറ്റ് വര്‍ക്കില്‍ തകരാറുകള്‍ മൂലം ഉപയോക്താക്കള്‍ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന കേന്ദ്രമായിട്ടും മെച്ചപ്പെട്ട സേവനം നല്‍കാനാവാത്തത് കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.