മുന്നണി ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും തിങ്കളാഴ്ച രാജി സമര്‍പ്പി ക്കുന്നത്. യു ഡി എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ആശാ ജോയി യാണ് പ്രസിഡന്റ്.കേരള കോണ്‍ഗ്രസിലെ ജോളി മടുക്കക്കുഴിയാണ് നിലവില്‍ ഇവിടെ വൈസ് പ്രസിഡന്റ്. ഇരുവരും തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ബി ഡി ഒ എന്‍ രാജേഷ് മുമ്പാകെ രാജി സമര്‍പ്പിക്കും.

നിലവില്‍ ചേനപ്പാടി ഡിവിഷനംഗമാണ് ആശാ ജോയി.ജോളി ആനക്കല്ല് ഡിവിഷനംഗ വും.കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് എം സംഖ്യമാണ് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം നടത്തുന്നത്.

തുടര്‍ന്നുള്ള കാലയളവില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വച്ചു മാറും, കേരള കോണ്‍ഗ്രസിലെ സോഫി ജോസഫിനും, മറിയാമ്മ ജോസഫിനും തുല്യ കാലയളവുകളിലായിപ്രസിഡന്റ് സ്ഥാനം ലഭിക്കും. ആദ്യ ടേമില്‍ സോഫി ജോസഫിനാകും സാധ്യത. കോണ്‍ഗ്രസിലെ പി.എ ഷമീര്‍, വി ടി അയൂബ് ഖാന്‍ എന്നിവരിലൊരാളായാരിക്കും വൈസ് പ്രസിഡന്റ് .

ഡി സി സി ജനറല്‍ സെക്രട്ടറി കൂടിയായ പി എ ഷമീറിനാണ് ഇക്കാര്യത്തില്‍ പ്രഥമ പരിഗണന പാര്‍ട്ടി നല്‍കുന്നതെന്നാണ് സൂചന. പതിനഞ്ച് ഡിവിഷനുള്ള ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഏഴ്, കേരള കോണ്‍ഗ്രസ് മൂന്ന്, സി പി എം നാല്, സി പി ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.