ദൈവത്തിന്റ്റെ അദൃശ്യ കരം മരമായി താങ്ങി നിന്നു ; നാറാണംതോട്ടില്‍ നടന്ന അപകടം അദ്ഭുതവും അവിശ്വസനീയവും.

പമ്പാവാലി : കുഴിയിലേക്ക് കരണം മറിഞ്ഞ് കൂപ്പുകുത്തിയ കാറിനുളളില്‍ നിന്നുയര്‍ന്ന കൂട്ടനിലവിളിക്ക് പൊടുന്നനെ രക്ഷയുടെ മറുപടിയായി പ്രകൃതിയുടെ കവചം തുണയാ യി. മരത്തില്‍ തടഞ്ഞു കാര്‍ നിന്നതാണ് അവിശ്വസനീയമായ രക്ഷയായി മാറിയത്. മരം ഇല്ലായിരുന്നെങ്കില്‍ കൊക്കയുടെ അഗാധതയിലേക്ക് വീണ് കാര്‍ തകര്‍ന്ന് തരിപ്പണമാകു മായിരുന്നു. കാറിലെ തീര്‍ത്ഥാടകരെയൊന്നും ഒരു പക്ഷെ ജീവനോടെ കിട്ടില്ലായിരുന്നെ ന്ന് നാട്ടുകാര്‍ അമ്പരപ്പോടെ പറയുന്നു.

ബുധനാഴ്ച രാവിലെയാണ് ആദ്യം നടുക്കവും പിന്നെ അദ്ഭുതവുമായ അപകടം ശബരിമല പാതയിലെ തുലാപ്പളളിക്കടുത്ത് നാറാണംതോട്ടില്‍ നടന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന എറണാകുളം സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത്. ഡ്രൈവിംഗിനിടെ പെട്ടന്ന് ക്ഷീണിതനായി കണ്ണുകള്‍ അടഞ്ഞ് മയക്കം അനുഭവപ്പെട്ടതാണ് നിയന്ത്രണം തെറ്റി കുഴിയിലേക്ക് കാര്‍ മറിയാന്‍ കാരണമായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പടെ തീര്‍ത്ഥാടകരുടെ പരിക്കുകള്‍ ഗുരുതരമല്ല.

നാട്ടുകാര്‍ കുഴിയിലേക്കിറങ്ങി ഏറെ സാഹസികമായാണ് ഇവരെ പുറത്തെടുത്ത് റോഡിലെത്തിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റ്റെ സേഫ് സോണ്‍ പട്രോളിംഗ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. സംഘത്തിന്റ്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തരെ ആശുപത്രിയിലേക്ക് മാറ്റി. നിലയ്ക്കല്‍, പമ്പ സ്റ്റേഷനുകളില്‍ നിന്ന് പോലിസ് എത്തിയി രുന്നു. ഡ്രൈവര്‍മാര്‍ മതിയായ വിശ്രമത്തിന് ശേഷം ഡ്രൈവിംഗ് നടത്തണമെന്ന മുന്ന റിയിപ്പ് ശബരിമല പാതയില്‍ നിരന്തരം പോലിസും സേഫ് സോണും നല്‍കുന്നതാണെ ങ്കിലും പലരും അവണിക്കുന്നതിന്റ്റെ തെളിവാണ് അശ്രദ്ധയുടെ അപകടങ്ങള്‍.

ഇത്തവണ തീര്‍ത്ഥാടനകാലത്തുണ്ടായ ഓരോ അപകടങ്ങളുടെയും പിന്നില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണെന്നാണ് കണ്ടെത്തിയിട്ടുളളത്. ഡ്രൈവര്‍മാര്‍ അമിതവേഗമെടുക്കാതിരിക്കാനും ഉറങ്ങാന്‍ സൗകര്യമൊരുക്കണമെന്നുമുള്‍പ്പടെ വിവിധ ഭാഷകളില്‍ അച്ചടിച്ച മുന്നറിയിപ്പ് നോട്ടീസുകള്‍ ഇത്തവണ ശബരിമല പാതകളില്‍ വിതരണം ചെയ്തിരുന്നു.