എരുമേലി : അതിര് ചുറ്റിയ വേലിയിലെ ചെറിയ അളവിലുളള വൈദ്യുതി ഷോക്കിൽ ആനകൾ കാട്ടിലേക്ക് മടങ്ങുന്ന കാഴ്ച കാണാനെത്തിയ എംപി അനുമോദനമായി വാർഡംഗത്തെ പൊന്നാടയണിയിച്ചു. പാക്കാനം കാരിശേരി വാർഡിലാണ് അംഗം ജോമോന് കുടുംബശ്രീ എഡിഎസ് വാർഷികയോഗം ആദരിക്കലിൻറ്റേത് കൂടിയായി മാറിയത്.
യോഗം ഉദ്ഘാടനം ചെയ്യാനെത്തിയത് ആൻറ്റോ ആൻറ്റണി എംപി ആയിരുന്നു. കഴിഞ്ഞയിടെ സമീപത്ത് മഞ്ഞളരുവി കണ്ണിമല അതിർത്തിയിലെ മുണ്ടക്കയം – എരുമേലി ദേശീയപാതയിൽ ആനകൾ കാടിറങ്ങി താവളമടിച്ചപ്പോൾ കാട്ടിലേക്ക് തുരത്താനായി ജനകീയസമിതിക്കൊപ്പം എംപി യും എത്തിയിരുന്നു. അന്നാണ് പാക്കാനത്ത് ആനഭീതിയൊഴിഞ്ഞതിൻറ്റെ രഹസ്യം അറിഞ്ഞതെന്ന് എംപി പറഞ്ഞു. നാട്ടുകാർ ഊഴമിട്ട് വനാതിർത്തിയിലെ സൗരവേലി പരിപാലിക്കുന്നത് കൊണ്ടാണ് ആനകളും കാട്ടുമൃഗങ്ങളും വനാതിർത്തി താണ്ടാത്തത്.
വാർഡംഗത്തിൻറ്റെ നേതൃത്വത്തിലാണ് സൗരവേലിയുടെ പരിപാലനം. വേലി സ്ഥാപിക്കുന്നത് വരെ പ്രദേശത്ത് കാട്ടാനകൾ നിരന്തര ഭീഷണിയായിരുന്നു. വേലികൾക്ക് ഊർജം നഷ്ടപ്പെട്ട് പ്രവർത്തനരഹിതമാകുന്ന സ്ഥിതിയുണ്ടാകാതി രിക്കാനാണ് ജനകീയസമിതി പരിപാലനം ഏറ്റെടുത്തത്. ബാറ്ററികളും സോളാർ പാനലുകളും കേട് കൂടാതെ സംരക്ഷിച്ചുവരികയാണ് നാട്ടുകാർ. വേലിയിൽ പൊന്തക്കാടുകൾ വളരാൻ അനുവദിക്കില്ല. എഡിഎസ് വാർഷിക ഉദ്ഘാടനം നടത്താനെത്തിയ എംപി സോളാർ വേലികൾ സന്ദർശിച്ചിട്ടാണ് മടങ്ങിയത്.
ഉദ്ഘാടന യോഗത്തിൽ വാർഡംഗം ജോമോനെ പൊന്നാട ചാർത്തി എംപി അനുമോ ദിച്ചു. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് കെ എസ് രാജു, പഞ്ചായത്തംഗം ബേബിച്ചൻ പ്ലാക്കാട്ട്, പി പി രാജപ്പൻ, വിശ്വംഭരൻ പാറയ്ക്കൽ, സജീവ് വലിയപറമ്പിൽ, ബിനു, എഡി എസ് ഭാരവാഹികളായ പ്രേമ ഹരിദാസ്, ജോളി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് മുമ്പ് നടന്ന റാലിയിൽ നാനൂറിൽ പരം എഡിഎസ് അംഗങ്ങൾ പങ്കേടുത്തു.