കാഞ്ഞിരപ്പള്ളി:എരുമേലി റോഡിലെ26-ാം മൈല്‍ ജംക്ഷന്‍ സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടി ലാകും. ജംക്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പ് തെളിയാത്തതാണ് കാരണം. ദേശീയ പാത 183ല്‍ നിന്നും ഏരുമേലിയിലേക്ക് തിരിയുന്ന പ്രധാന ജംക്ഷനാണ് 26-ാം മൈല്‍. ഇവിടെ മുണ്ടക്കയം ,ഏരുമേലി ഭാഗത്തേയ്ക്ക് യാത്ര ചെയ്യാന്‍ ഒട്ടേറെ ആളുകള്‍ ബസ് കാത്തു നില്‍ക്കുന്ന ജംക്ഷനാണ് സന്ധ്യകഴിഞ്ഞാല്‍ ഇരുട്ടിലാകുന്നത്.

തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ജംക്ഷനിലൂടെ കടന്നു പോകുന്നത്. മണ്ഡല കാലത്ത് നടന്നു വരുന്ന ശബരിമല തീര്‍ഥാടകര്‍ ക്കും ജംക്ഷനിലെ ഇരുട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. മണ്ഡലകാലത്ത് ഇവിടെ ഡ്യൂട്ടി നോക്കു ന്ന പൊലീസുകാര്‍ക്കും വെളിച്ചമില്ലാത്തത് ദുരിതമായിരിക്കുകയാണ്. 
രാത്രി എട്ടു വരെ ജംക്ഷനിലെ കടകളില്‍ നിന്നുള്ള വെളിച്ചമാണ് ഇവിടെ യാത്രക്കാര്‍ക്ക് ആശ്രയം. കടകള്‍ അടച്ചു കഴിഞ്ഞാല്‍ വാഹനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്. എരുമേലി റോഡില്‍ പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍സ് ആശുപത്രിയില്‍ എത്തുന്നവരില്‍ ഏറെയും ആളുകള്‍ 26-ാം മൈലിലാണ് ബസിറങ്ങുന്നതും, തിരികെ മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുന്നതും.