യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ ത്തിയ കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ നേരിൽ കാണാനെത്തിയ സ്കൂൾ വിദ്യാർത്ഥികളെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തും കുശലം ചോദിച്ചുമാണ് രാഹുൽ ഗാന്ധി സ്‌റ്റേജിൽ നിന്നും മടങ്ങിയത്. താൻ കാരിക്കേച്ചറിൽ വരച്ച രാഹുൽ ഗാന്ധിയുടെ ചിത്രം സമ്മാനിക്കാനാണ് കൊടുങ്ങൂർ സ്വദേശിനിയും ആലാമ്പള്ളി പൊൻകുന്നം വർക്കി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ പാർവ്വതി കൃഷ്ണ എത്തിയത്.

രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് ചിത്രം സമ്മാനിക്കണമെന്ന തൻ്റെ ആഗ്രഹം ഡി. സി.സി ജനറൽ സെക്രട്ടറി ടി.കെ.സുരേഷ് കുമാർ മുഖാന്തിരം ആൻ്റോ ആൻ്റണി എം. പി.യെ അറിയിച്ചു.പൊൻകുന്നത്തെ പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷമാണ് രാഹുൽ ഗാന്ധി കുട്ടികളെ കണ്ടത്. പാർവ്വതി കൃഷ്ണ വരച്ച ചിത്രം സ്നേഹപൂർവ്വം സ്വീകരിച്ച ശേഷം അഭിനന്ദിക്കുകയും ചെയ്തു. ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അബാൻ ഷെമീറാണ് രാഹുൽഗാന്ധിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചത്.