കേരളപ്പിറവി ദിനത്തില്‍ ബഫര്‍ സോണിനെതിരേ പ്രതിക്ഷേധ സമരവുമായി  കർഷക സംഘടനയായ ഇൻഫാം. വിവിധ സമര കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് ബഫർസോണി നെതിരെ കൈയൊപ്പ് ചാര്‍ത്തി ഇന്‍ഫാമിൻ്റെ നേതൃത്വത്തിൽ പ്രതിക്ഷേധിച്ചത്.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ നേതൃത്വത്തിലായിരുന്നു കേരളപ്പിറവി ദിനത്തിൽ  ബഫര്‍ സോണിനെതിരേ കൈയൊപ്പ് ചാര്‍ത്തിയുള്ള പ്രതിഷേധം. കട്ടപ്പന, കുമളി, ഉപ്പുതറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി എന്നീ സ്ഥലങ്ങളിലായി ഒരു ലക്ഷ ത്തില്‍പരം ആളുകളാണ് ബഫര്‍ സോണിനെതിരായി തങ്ങുടെ കൈയൊപ്പ് ചാര്‍ത്തിയത്.  കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവർക്ക് പുറമെ വ്യാപാരികള്‍, കുട്ടികള്‍, ടാ ക്‌സി ഡ്രൈവര്‍മാര്‍ എന്നിവരുൾപ്പെടെ ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ നിരവധി പേർ പ്രതിക്ഷേധ സമരത്തിൻ അണിനിരന്നു.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സമരത്തിൻ്റെ ഭാഗമായി. മുണ്ടക്കയത്ത് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും,ഉപ്പുതറയിൽ വാഴൂർ സോമൻ എം എൽ എ യും തങ്ങളുടെ കൈയ്യൊപ്പ് ചാർത്തി ബഫർ സോണിനെതിരെയുള്ള ഇൻ ഫാമിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. ബഫർ സോൺ മൂലം  ജനങ്ങൾക്കുണ്ടാകുന്ന  ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇക്കാര്യം സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ്  കേരളപ്പിറവി ദിനത്തില്‍ തന്നെ ബഫര്‍ സോണിനെതിരേ കര്‍ഷകന്റെ കൈയൊപ്പ് എന്ന പേരിൽ സമരപരിപാടി സംഘടിപ്പിച്ചതെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഇന്ത്യയിലെ സംരക്ഷിത വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെട്ടതോടെ  കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും കുട്ടികളുടെയും ഭാവിജീവിതത്തിന്മേല്‍ കരിനിഴല്‍ വീണിരിക്കുകയാണന്ന് ഇൻഫാം പറയുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്ത്  ബഫര്‍സോണിന്റെ ദൂരപരിധി വനത്തിനുള്ളില്‍ തന്നെ നിജപ്പെടുത്താനാവശ്യമായ നടപടികള്‍ക്കായി സർക്കാർ സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിയെ സമീപിക്കണമെന്നും ഇൻഫാം ആവശ്യപ്പെട്ടു.വിവിധയിടങ്ങളിൽ നടന്ന പ്രതിക്ഷേധ സമരങ്ങൾക്ക്  ഇന്‍ഫാം ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക് ഡയറക്ടര്‍മാര്‍, താലൂക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.