റിപ്പോര്‍ട്ട് :ചന്ദ്രകാന്ത് വിശ്വനാഥ്

ഇല പൊഴിയ്ക്കാന്‍ കൂട്ടാക്കാതെ തല ഉയര്‍ത്തി നില്‍ക്കുന്ന തന്റേടികളായ റബര്‍ മരങ്ങളെ ഒന്നു വിറപ്പിക്കാന്‍ തക്ക കുളിരുമായാണ് ധനു മാസം കാഞ്ഞിരപ്പള്ളിയി ലേക്ക് കടന്നു വരുന്നത്. അക്കാലത്ത് വൈദ്യുതിയെത്താത്ത ഒരുള്‍ഗ്രാമത്തില്‍ ഇരുട്ടി നൊപ്പം ഒരു നേരിയ നിശാവസ്ത്രം പോലെ ഭയം അരിച്ചു വന്നിരുന്ന കുട്ടിക്കാലത്തെ രാത്രികളില്‍ നിന്നും ഒരിക്കലും മാഞ്ഞു പോവില്ലെന്നു കരുതുന്ന ചില ചെറിയ പ്രകാശങ്ങളുണ്ട്.

നൊയമ്പുകാലത്തെ ഏതെങ്കിലും അവധിദിനത്തില്‍ ഈറ്റക്കഷണങ്ങളുടെ ബലത്തില്‍ വര്‍ണകടലാസുകളില്‍ ജനിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍. അവയുടെ അരികുകള്‍ ബലപ്പെടുത്താന്‍ ഓട്ടുപാലിന്റെ വള്ളികള്‍. കടലാസുറയ്ക്കാന്‍ റബര്‍ പാല്‍.മെഴു തിരി വെക്കാന്‍ മണ്ണുനിറച്ച ചിരട്ട. ഇതുണ്ടാക്കാന്‍ വിദദ്ധരായ കൂട്ടുകാര്‍. നിലവിള ക്കണച്ച ശേഷം തെളിയുന്ന നിറമുള്ള പ്രകാശം.ഏതു കരിരാവിലും മങ്ങാതെ നില്‍ക്കുന്ന പ്രതീക്ഷയുടെ നാളം.
രാവേറെയാകും മുമ്പ് ഇരുണ്ട കമ്പിളിപ്പുതച് ഉറങ്ങാന്‍ കിടക്കുന്ന വിസ്തൃതമായ റബര്‍ മരക്കാടുകള്‍ക്കിടയില്‍ രണ്ടോ മൂന്നോവാരം ഇതുപോലെ നിരവധി പ്രതീക്ഷ യുടെ തൂക്കുവിളക്കുകള്‍ ഉണ്ടാകും, മിന്നാമിനുങ്ങള്‍ക്കൊപ്പം.

ഓരോ വര്‍ഷം പിറക്കുമ്പോഴും ഇത്തരത്തിലെ ചെറിയ വിളക്കുകളുടെ കാലുഷ്യ മില്ലാത്ത ആ വലിയ പ്രകാശമാണ് എന്റെ കണ്ണു നിറച്ചിരുന്നത്.ആ ഓര്‍മയാണ് എന്റെ കണ്ണ് നിറയ്ക്കുന്നത്, പ്രതീക്ഷയുടെ ഇല പൊഴിയുന്ന ഇക്കാലത്തും.