സിമന്റ്, പെട്രോൾ, ഡീസൽ, ക്വാറി ഉൽപ്പന്നങ്ങളുടെ വില വർദ്ധന വിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിമന്റ് ബ്രിക്സ് ആന്റ് ഇന്റർ ലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. അസംസ്കൃത വസ്തുക്കളുടെ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ വ്യവസായം നടത്തി കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഇവർ പറയുന്നു.
350 രൂപയിൽ നിന്ന് സിമന്റ് വില 490 രൂപയായി. സിമന്റ് കട്ടയുടെ പ്രധാന ഘടകമായ മെറ്റിൽ ചിപ്സിന് 35രൂപയിൽ നിന്നും 45 രൂപയായി. പാറപ്പൊടിക്കും എം സാൻഡിനും അമിതമായി വില വർധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിവരുന്നത്. പല വ്യവസായങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്. സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ജൂൺ 10ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും എല്ലാ ജില്ലാ കലക്റ്റർമാർക്കും നിവേദനം കൊടുക്കുന്നതിനും, സംസ്ഥാന വ്യാപകമായി എല്ലാ അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിലക്കയറ്റ പ്രതിരോധദിനം ആചരിക്കുവാനും സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു.
നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ചെയർമാൻ ജോബി എബ്രഹാം, കൺവീനർ കെ.പി രാജേഷ് എന്നിവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയംഗം ജിമ്മി മാത്യു, ജില്ലാ ഭാരവാഹികളായ ജോൺ സി.എ കോടിമത, മനോജ് മാത്യു പാലാത്ര, അശോക് മത്തായി, അലക്സാണ്ടർ മുണ്ടക്കയം എന്നിവർ പങ്കെടുത്തു.